ബംഗളൂരു: ഹാസൻ ഹൊളെ നരസിപുർ ജൊഡിഗുബ്ബി വില്ലേജിൽ പ്രവർത്തിച്ചിരുന്ന ഇഷ്ടിക നിർമാണ ഫാക്ടറിയിൽ അടിമവേലക്കിരയായ നാലംഗ കുടുംബത്തെ അധികൃതർ രക്ഷപ്പെടുത്തി.
ഹള്ളിമൈസൂർ പൊലീസ് നടത്തിയ ഓപറേഷനിലാണ് പീഡനപർവം താണ്ടിയ കുടുംബം പുറംലോകം കണ്ടത്. ഹൊളെ നരസിപൂർ തഹസിൽദാർ കൃഷ്ണമൂർത്തിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.
ഒഡിഷ ബാലംഗിർ ജില്ലയിലെ കൊപ്രകോൾ സ്വദേശി മൊഖർദജ് പട്ടേൽ, ഭാര്യ ഊർമിള, മക്കളായ വർഷിത, രാജ് എന്നിവരെയാണ് പൊലീസ് മോചിപ്പിച്ചത്. സതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്.എം ബ്രിക്സ് ഫാക്ടറിയിൽ കഴിഞ്ഞ മൂന്നുവർഷമായി ഇവർ ജോലി ചെയ്തുവരുകയാണ്.
1000 ഇഷ്ടിക നിർമിക്കുന്നതിന് 800 രൂപയാണ് ഇവർക്ക് കൂലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, മൂന്നുവർഷമായി ആകെ ലഭിച്ചത് 17,000 രൂപ. മാത്രവുമല്ല രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ വിശ്രമമില്ലാതെ ഇവരെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. ഫാക്ടറിക്ക് പുറത്തുപോകുന്നത് വിലക്കുകയും ചെയ്തു. മൂന്നുവർഷത്തിനിടെ ഒരിക്കൽപോലും ഇവരെ നാട്ടിലേക്ക് പോകാൻ അനുവദിച്ചതുമില്ല. കുടുംബത്തെ ചൂഷണം ചെയ്ത കമ്പനിയുടമക്കെതിരെ ഹള്ളിമൈസൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.