ബംഗളൂരു: മാതാവിനെ കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തിൽ കൂട്ടിന് ആരുമില്ലാതെ തനിച്ചുള്ള വിമാനയാത്ര കുഞ്ഞു വിഹാന് ഒരു വെല്ലുവിളിയായിരുന്നില്ല. മൂന്നു മാസങ്ങൾക്കുശേഷം മാതാവിെന കാണാൻ ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് തനിച്ച് വിമാനയാത്ര നടത്തുകയായിരുന്നു ഈ അഞ്ചു വയസ്സുകാരൻ.
ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവിസുകൾ രണ്ടുമാസത്തിനുശേഷം തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചതോടെയാണ് പ്രത്യേക വിഭാഗത്തിൽ യാത്രചെയ്ത് അഞ്ചു വയസ്സുകാരൻ വിഹാൻ മാതാവിെൻറ അരികിലെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവധിയാഘോഷിക്കാൻ വിഹാൻ ഡൽഹിയിലുള്ള മുത്തച്ഛെൻറയും മുത്തശ്ശിയുടെയും അടുത്തെത്തിയത്. എന്നാൽ, മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിഹാന് ബംഗളൂരുവിലുള്ള മാതാപിതാക്കളുടെ അടുത്തെത്താനായില്ല.
ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചതോടെ വിഹാനെ ബംഗളൂരുവിലുള്ള മാതാവിെൻറ അടുത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഡൽഹിയിലുള്ള ബന്ധുക്കളാണ് വിഹാനെ ഡൽഹി വിമാനത്തിലെത്തിച്ചത്. മാസ്കും ഗ്ലൗസും സുരക്ഷമുൻകരുതലുകളുമെല്ലാം സ്വീകരിച്ചാണ് കുഞ്ഞു വിഹാൻ തനിയെ മാതാവിെൻറ അടുത്തേക്ക് യാത്രതിരിച്ചത്. വിഹാനെ സ്വാഗതംചെയ്യുന്നതായി ബംഗളൂരു വിമാനത്താവളം അധികൃതർ ട്വീറ്റും ചെയ്തു.
പ്രത്യേക വിഭാഗം എന്നെഴുതിയ കാർഡും കൈയിൽപിടിച്ച് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ വിഹാൻ ശർമ, തന്നെ കാത്തുനിൽക്കുകയായിരുന്ന മാതാവിെൻറ അരികിലേക്ക് ഒാടിയെത്തുകയായിരുന്നു. മകനെ വാരിപ്പുണർന്ന മാതാവുതന്നെയാണ് യാത്രയെക്കുറിച്ച് വാർത്ത ഏജൻസിയോട് സംസാരിച്ചത്. മാതാവ് മകനെക്കുറിച്ച് പറയുമ്പോൾ മഞ്ഞ ജാക്കറ്റും മാസ്ക്കും നീല ഗ്ലൗസും ധരിച്ച വിഹാൻ മാതാവിെൻറ സ്നേഹ കരുതലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.