പട്ന: ബിഹാർ മുൻമുഖ്യമന്ത്രിയും ജനപ്രിയ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപ്പൂരി ഠാകുറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകാനുള്ള നീക്കത്തിന്റെ ‘ക്രെഡിറ്റ്’ നേടാനുള്ള ശ്രമമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്നും ഭാരതരത്ന നൽകിയതിന്റെ അവകാശം നേടാനുള്ള നീക്കമായിരിക്കാമെന്നും കർപ്പുരിയുടെ ശിഷ്യൻ കൂടിയായ നിതീഷ് പറഞ്ഞു. അങ്ങനെയാണെങ്കിൽപോലും താൻ ബിഹാറിൽ അധികാരമേറ്റ ശേഷം ആവശ്യപ്പെട്ട കാര്യം യാഥാർഥ്യമാക്കിയതിന് മോദിയോടും കേന്ദ്ര സർക്കാറിനോടും നന്ദിയുണ്ടെന്നും നിതീഷ് പറഞ്ഞു. ഭാരതരത്ന നൽകുന്നുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രി വിളിച്ച കാര്യം ജെ.ഡിയു എം.പിയും കർപ്പൂരി ഠാകുറിന്റെ മകനുമായ രാംനാഥ് ഠാകുർ തന്നെ അറിയിക്കുകയായിരുന്നെന്നും കർപ്പൂരിയുടെ ശതാബ്ദി ആഘോഷ ചടങ്ങിൽ നിതീഷ് പറഞ്ഞു.
കർപ്പൂരിയുടെ പാത പിന്തുടർന്ന് താൻ സ്വന്തം കുടുംബത്തിലുള്ളവരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നില്ലെന്നും നിതീഷ് പറഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങളോടും അതിപിന്നാക്ക വിഭാഗങ്ങളോടുമുള്ള പ്രതിബദ്ധതക്ക് പ്രചോദനമായത് കർപ്പൂരി ഠാകുറാണ്. ബിഹാറിൽ നടപ്പാക്കിയ ജാതി സെൻസസും പിന്നാക്കക്കാർക്കായുള്ള ക്ഷേമപദ്ധതികളും രാജ്യം മുഴുവൻ നടപ്പാക്കേണ്ടിവരുമെന്നും ബിഹാർ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മോദി സർക്കാറിന്റെ നിരാശയും കാപട്യവും പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, സാമൂഹ്യനീതിയുടെ വക്താവായ കർപ്പൂരി ഠാകുറിന് ഭാരതരത്‌ന നൽകുന്നതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ബിഹാറിലെ ജാതിസെൻസസും ആർ.ജെ.ഡിയുടെ നിരന്തര അഭ്യർഥനയും കാരണം ഭാരതരത്ന പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായെന്ന് ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. കർപ്പൂരി ഠാകുറിന് ഭാരതരത്ന നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തിനാവശ്യം പ്രതീകാത്മക രാഷ്ട്രീയമല്ല, യഥാർഥ നീതിയാണെന്നും രാജ്യവ്യാപക ജാതി സെൻസസ് പ്രഖ്യാപിക്കാത്തത് സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.