ബംഗളൂരു: ചന്ദ്രനിൽ ചരിത്രംകുറിച്ച ഇന്ത്യയുടെ അഭിമാനനേട്ടത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യമാക്കി അടുത്ത ബഹിരാകാശ ദൗത്യം. സൗരപഠനത്തിനുള്ള ആദിത്യ എൽ-വൺ സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമാണിത്. സൗരപ്രവർത്തനങ്ങളെപ്പറ്റിയും സൂര്യനുചുറ്റുമുള്ള പ്ലാസ്മ കാലാവസ്ഥയെപ്പറ്റിയും വിവരം ശേഖരിക്കുകയാണ് ലക്ഷ്യം.
സൂര്യന്റെ കൊറോണ, ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നീ പാളികളെ നിരീക്ഷിക്കാൻ ഏഴു പഠനോപകരണങ്ങൾ ഉൾപ്പെടുത്തിയ പേടകം ആന്ധ്ര ശ്രീഹരിക്കോട്ടയിൽനിന്ന് പി.എസ്.എൽ.വി-57 റോക്കറ്റിന്റെ ചിറകിലേറിയാണ് കുതിക്കുക. അഞ്ചുവർഷമാണ് ദൗത്യ കാലാവധി. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ ലാഗ് റേഞ്ചിയൻ പോയന്റ് വൺ-എൽ വണ്ണിലെ ഹാലോ ഭ്രമണപഥത്തിൽ ആദിത്യയെ എത്തിക്കുകയാണ് ലക്ഷ്യം.
ഭൂമിക്കും സൂര്യനും ഇടക്ക് ലാഗ് റേഞ്ച് പോയന്റുകളിൽ ആദ്യത്തേതാണ് എൽ വൺ. സൂര്യനിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. തടസ്സങ്ങളോ ഗ്രഹണങ്ങളോ ബാധിക്കാതെ എപ്പോഴും സൂര്യനെ നിരീക്ഷിക്കാനും സ്ഥിരമായി ഒരേ സ്ഥാനം പിന്തുടരാനും കഴിയുന്നതിനാൽ ഇന്ധനം ലാഭിക്കാനും കഴിയും എന്നതാണ് ലാഗ് റേഞ്ച് പോയന്റുകളുടെ പ്രത്യേകത. ആദിത്യ ലക്ഷ്യത്തിലെത്താൻ 127 ദിവസമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.