മണിപ്പൂരിൽ കൊല്ലപ്പെട്ട അസം റൈഫിൾസ്​ ജവാന്മാർക്ക്​ മുഖ്യമന്ത്രി എം. ബിരേൻ സിങ്​ അന്തിമോപചാരമർപ്പിക്കുന്നു. ഇൻസെറ്റിൽ സുമന്‍ സ്വര്‍ഗ്യാരി 

മകന്​ പിറന്നാൾ സമ്മാനവുമായി പോകാനിരിക്കെ മരണം; ഭീകരര്‍ തകർത്തത്​ ഒര​ു കുടുംബത്തിന്‍റെ സന്തോഷം

ഗുവഹത്തി: മണിപ്പൂരില്‍ ഭീകരാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചത്​ മകന്‍റെ പിറന്നാൾ ആഘോഷിക്കാൻ വീട്ടിലേക്ക്​ പോകാനിരിക്കെ. മകന്‍റെ മൂന്നാം ജന്മദിനം ആഘോഷിക്കാൻ വരുമെന്ന്​ വീട്ടിലേക്ക്​ വിളിച്ചുപറഞ്ഞ്​ മണിക്കൂറുകൾക്കകമാണ്​ സുമന്‍ സ്വര്‍ഗ്യാരി എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. സുമന്‍റെ പിതാവ്​ കനക്​ സ്വർഗ്യാരി 2007ൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതാണ്​. പിതാവ് മരിച്ചതിനു ശേഷം കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്നു സുമന്‍.

അസമിലെ ബക്‌സ ജില്ലയിലെ ബരാമ പ്രദേശത്തുള്ള തെക്കെറകുചി കളിബാരി ഗ്രാമത്തിലാണ്​ സുമന്‍റെ വീട്​. 2011ലാണ്​ അസം റൈഫിള്‍സില്‍ ചേര്‍ന്നത്​. ഈ വർഷം ജൂലൈയിലാണ്​ അവസാനമായി വീട്ടിലേക്ക്​ പോയത്​. ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്​ വരെ ഭാര്യയായ ജൂരി സ്വര്‍ഗ്യാരിയെ വിളിക്കുകയും ഡിസംബറില്‍ മകന്‍റെ പിറന്നാൾ ആഘോഷിക്കാൻ വീട്ടിലേക്ക് വരുമെന്ന വിവരം പങ്കുവെക്കുകയും ചെയ്തുവെന്ന്​ കുടുംബാംഗങ്ങൾ പറയുന്നു. ജൂലൈയിൽവന്നപ്പോൾ ഒരാഴ്ച മാത്രമാണ്​ വീട്ടില്‍ താമസിക്കാൻ കഴിഞ്ഞത്​. ഡിസംബറില്‍ മകന്‍റെ പിറന്നാളിന് തീര്‍ച്ചയായും വരുമെന്ന് ഉറപ്പ് നല്‍കിയാണ് അന്ന്​ തിരിച്ചുപോയതെന്ന് ഭാര്യ ജൂരി പറഞ്ഞു.

'കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ വീട്​ നിർമാണത്തിന്‍റെ പുരോഗതിയെ കുറിച്ചൊക്കെ ചോദിച്ചു. മകന്‍റെ പിറന്നാള്‍ ആഘോഷമാക്കണമെന്നും പറഞ്ഞാണ് ഫോണ്‍ വെച്ചത്. പതിവില്ലാതെ വളരെ പെട്ടന്ന് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ഡ്യൂട്ടി സ്ഥലത്ത് നിന്ന് തിരിച്ചുവരികയാണെന്നും പിന്നീട് വിളിക്കാമെന്നുമാണ്​ പറഞ്ഞത്​. അത് അവസാനത്തെ സംഭാഷണം ആയിരുന്നുവെന്ന് അറിഞ്ഞില്ല'- ജൂരി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പി. സുമന്‍ വിളിക്കാതിരുന്നതില്‍ കുടുംബാംഗങ്ങൾക്ക്​ ആശങ്കയുണ്ടായിരുന്നു. പരിക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും രാത്രി ഏതാനും സൈനിക ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞു. ഞായറാഴ്ച രാവിലെയാണ് മരണവിവരം കുടുംബം അറിഞ്ഞത്.

ശനിയാഴ്ചയാണ് മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരാക്രമണം ഉണ്ടായത്. 46 അസം റൈഫിള്‍സിന്‍റെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും നാല് സൈനികരും ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. കേണലിന്‍റെ ഭാര്യ, നാലു വയസ്സുള്ള മകന്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ചുരാചന്ദ്പുരില്‍ സൈനിക ക്യാമ്പ്​ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘത്തെ രാവിലെ 10 മണിയോടെയാണ് ഭീകരര്‍ ആക്രമിച്ചത്​. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ), മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ട് (എം.എൻ.പി.എഫ്) എന്നീ സംഘടനകൾ രംഗത്തെത്തി. കേണലിന്‍റെ ഭാര്യയും മകനും വാഹനവ്യൂഹത്തോടൊപ്പം ഉണ്ടായിരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്ന് സംഘടനകൾ പറഞ്ഞു. 

Tags:    
News Summary - Soldier killed in Manipur ambush promised to come home for son's birthday, says wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.