ന്യൂഡൽഹി: 44-ാം വയസ്സിൽ വിധവയാകുകയും ആറ് വർഷങ്ങൾക്ക് ശേഷം സ്റ്റേജ് മൂന്ന് സ്തനാർബുദം സ്ഥിരീകരിക്കുകയും ചെയ്തിട്ടും എല്ലാം ഇച്ഛാശക്തിയോടെ നേരിട്ട് ഇപ്പോൾ തൻെറ 52-ാം വയസ്സിൽ വീണ്ടും വിവാഹിതയായ അമ്മയെക്കുറിച്ച് വിവരിക്കുകയാണ് മകൻ. ജിമീത് ഗാന്ധി എന്ന യുവാവാണ് ലിങ്ക്ഡ് ഇന്നിൽ തൻെറ അമ്മയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അച്ഛൻെറ മരണം, അർബുദത്തിനൊപ്പം ഡിപ്രഷനും നേരിടേണ്ടി വരിക... എന്നിങ്ങനെ ജീവിതത്തിൽ എണ്ണിയാലൊടുങ്ങാത്ത കഷ്ടപ്പാടുകൾ നേരിട്ടെങ്കിലും തളരാതെ നിന്ന തൻെറ അമ്മയെ പോരാളി എന്നാണ് ജിമീത് വിശേഷിപ്പിക്കുന്നത്.
ഫെബ്രുവരി 14ന് മുംബൈയിൽ വെച്ചായിരുന്നു അമ്മയുടെ വിവാഹം. ജീവിതത്തിൽ സന്തുഷ്ടരായിരിക്കാൻ എല്ലാവർക്കും അർഹതയുണ്ട്. യഥാർത്ഥ ആത്മമിത്രത്തെ കണ്ടെത്തുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ലെന്ന് കുറിപ്പ് പങ്കുവെച്ച് ജിമീത് പറയുന്നു.
തൻെറ 44-ാം വയസ്സിൽ 2013ൽ അവർക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു.
2019ൽ സ്തനാർബുദം സ്റ്റേജ് മൂന്നിൽ കണ്ടെത്തി.
നിരവധി തവണ കീമോക്ക് വിധേയയായി. രണ്ടു വർഷത്തിന് ശേഷം ശക്തയായി തിരിച്ചെത്തി.
അർബുദ ചികിത്സക്കിടെ കോവിഡ് ഡെൽറ്റ വകഭേദം ബാധിച്ചു.
എനിക്ക് ഓർക്കാൻ കഴിയാത്ത കാലം മുതൽ വിഷാദവും ഉത്കണ്ഠയും അവരെ ബാധിച്ചിരുന്നു.
ജോലി ആവശ്യാർത്ഥം ഞങ്ങൾ പല സ്ഥലങ്ങളിലായിട്ടും അവർ ഒറ്റയ്ക്ക് ഇന്ത്യയിൽ തിരിച്ചെത്തി.
പക്ഷേ അവർ പരാജയപ്പെട്ടില്ല. അവർ ഒരു സ്നേഹിതനെയും കണ്ടെത്തി.
ഇന്ത്യൻ സമൂഹത്തിലെ എല്ലാ നടപ്പുരീതികളെയും വിലക്കുകളെയും ലംഘിക്കാൻ അവർ തീരുമാനിച്ചു; താൻ ഇഷ്ടപ്പെടുന്നയാളെ വിവാഹം കഴിച്ചു.
52-ാം വയസ്സിലാണ് അവർ പ്രമേത്തിലായത്.
അവർ ഒരു പോരാളിയാണ്.
അവർ എൻെറ അമ്മയാണ്.
എൻെറ തലമുറക്കാരായ ഇന്ത്യയിലെ എല്ലാ ആളുകളോടും പറയട്ടെ, നിങ്ങളുടെ അച്ഛനോ അമ്മയോ ഒറ്റയ്ക്കാണെങ്കിൽ പങ്കാളിയെ കണ്ടെത്താനുള്ള അവരുടെ തീരുമാനത്തിന് പിന്തുണ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.