മകനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന് അമ്മ; 12 വർഷം കോടതിയിൽ ഹാജരാകാതെ അന്വേഷണ ഉദ്യോഗസ്ഥൻ, സർക്കാറിന് ലക്ഷം പിഴചുമത്തി കോടതി

ഭോപ്പാൽ: വ്യാജ ഏറ്റുമുട്ടൽ കേസിൽ 12 വർഷമായിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാത്ത സംഭവത്തിൽ മധ്യപ്രദേശ് സർക്കാറിന് ലക്ഷം രൂപ പിഴചുമത്തി ഹൈകോടതി. 2005ലെ വ്യാജ ഏറ്റുമുട്ടൽ കേസിലാണ് 2012 മുതൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാതിരുന്നത്. പൊലീസ് വകുപ്പിന്‍റെ അങ്ങേയറ്റം നിരുത്തരവാദിത്തമാണിതെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ ഇടപെടാൻ ഡി.ജി.പിക്ക് നിർദേശം നൽകുകയും ചെയ്തു.

വിമല ദേവി എന്ന സ്ത്രീയാണ് പരാതിക്കാരി. 2005 ഏപ്രിൽ 22ന് തന്‍റെ മൂന്ന് മക്കളെയും ദാബ്ര പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയതായി ഇവർ പറയുന്നു. ഏപ്രിൽ 27ന് രണ്ട് മക്കളെ പുറത്തുവിട്ടു. എന്നാൽ, മൂന്നാമനായ കൗശാലി റാമിനെ കുറിച്ച് വിവരമുണ്ടായില്ല.

പിന്നീട്, പത്രവാർത്തയിലൂടെയാണ് കുടുംബം കൗശാലി റാമിന്‍റെ മരണവിവരമറിയുന്നത്. കൊള്ളക്കാർക്കെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസിന്‍റെ വാദം. ബ്രിജ് കിഷോർ എന്ന കൊള്ളക്കാരനാണ് തന്‍റെ മകനെന്നും പൊലീസ് അവകാശപ്പെട്ടെന്ന് വിമല ദേവി പറഞ്ഞു.

സംഭവത്തിൽ 2007ൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബ്രിജ് കിഷോർ എന്ന കൊള്ളക്കാരൻ മറ്റൊരു ജയിലിൽ കഴിയുന്നുണ്ടെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് പൊലീസ് സൂപ്രണ്ടിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ വ്യാജ ഏറ്റുമുട്ടലിന് നടപടി ആവശ്യപ്പെട്ട് വിമല ദേവി നിയമനടപടികളാരംഭിച്ചു.

ഈ മാസം കേസ് പരിഗണിച്ചപ്പോഴാണ് 2012 മുതൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകുന്നില്ലെന്ന് ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് രാജേന്ദ്ര കുമാർ വാനി എന്നിവർ ശ്രദ്ധിച്ചത്. നേരത്തെ, വിമല ദേവിക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ 2007ൽ കോടതി നിർദേശിച്ചിരുന്നു. ഇതുപോലും നടപ്പാക്കിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചക്ക് ലക്ഷം രൂപ പിഴയിട്ടത്. 

Tags:    
News Summary - Son ‘died in fake encounter’, woman dies awaiting justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.