ന്യൂഡൽഹി: പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ നേതാക്കൾക്കിടയിൽപോലും വ്യക്തതയില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നേതാക്കൾ തമ്മിൽ യോജിപ്പുമില്ല. പാർട്ടിയുടെ നയനിലപാടുകൾ താഴെത്തട്ടിൽ എത്തുന്നില്ല.
വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി പാർട്ടിയെ ശക്തിപ്പെടുത്തേണ്ടവർ കൂടുതൽ ഐക്യവും അച്ചടക്കവും കാണിക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്നതിെൻറ ഭാഗമായി പി.സി.സി പ്രസിഡൻറുമാർ, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു.
നയവ്യക്തതയില്ലായ്മ, ഐക്യമില്ലായ്മ, വ്യക്തിതാൽപര്യങ്ങൾ എന്നിവ പാർട്ടി നേരിടുന്ന ഏറ്റവും വലിയ അസ്വസ്ഥതകളായി സോണിയ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ദിനേന എ.ഐ.സി.സി വിശദീകരിച്ചു പോരുന്നുണ്ട്. എന്നാൽ, അതൊന്നും താഴെത്തട്ടിൽ എത്തുന്നില്ല. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ അവസരം നൽകാൻ കോൺഗ്രസിന് കഴിയണം.
പ്രവർത്തകസമിതി നേരേത്ത നിശ്ചയിച്ചപ്രകാരം നവംബർ ഒന്നു മുതൽ മാർച്ച് 31 വരെ നീളുന്ന വിപുലമായ അംഗത്വ വിതരണ പരിപാടിയിലേക്ക് കടക്കുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്തു.
ആദ്യമായി വോട്ടു ചെയ്യുന്നവരെ അംഗത്വ വിതരണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. കോൺഗ്രസിെൻറ ആദർശത്തെ അവമതിക്കുകയും രാജ്യത്തിെൻറ ഭരണഘടന സങ്കൽപങ്ങൾതന്നെ അട്ടിമറിക്കുകയും ചെയ്യുന്ന ചുറ്റുപാടിൽ ആശയവ്യക്തത നൽകുന്ന പരിശീലനപരിപാടികൾ സംഘടിപ്പിക്കും.
നിലവിലെ സർക്കാറിെൻറ വീഴ്ചകൾ തുറന്നുകാട്ടി താഴെത്തട്ടിൽ പ്രക്ഷോഭം സംഘടിപ്പിക്കും. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.