ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഗാർഖെയുടെ ജയം തെളിയിക്കുന്നത് സോണിയാ ഗാന്ധിയാണ് പാർട്ടിയുടെ അവസാനവാക്കെന്നാണെന്ന് മുൻ കോൺഗ്രസ് നേതാവ് അശ്വനി കുമാർ. ഗാന്ധി കുടുംബത്തിന്‍റെ റിമോട്ട് കൺട്രോളിലായിരിക്കും ഗാർഖെയുടെ പ്രവർത്തനം എന്ന ആക്ഷേപങ്ങൾക്കിടെയാണ് അശ്വിനി കുമാറിന്‍റെ പ്രതികരണം.
പാർട്ടിയിൽ ഗാന്ധികുടുംബത്തിനുള്ള മേൽക്കോയ്മ തെളിയിക്കുന്നതിനായി സോണിയ ഗാന്ധി തന്‍റെ രാഷ്ട്രീയ തന്ത്രജ്ഞത ഒരിക്കൽ കൂടി ഉപയോഗിച്ചെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ അശ്വനി കുമാർ ട്വീറ്റ് ചെയ്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത ശശി തരൂരിനെയും അദ്ദേഹം പ്രശംസിച്ചു.
'ഈ തെരഞ്ഞെടുപ്പ് അദ്ദേഹത്തെ സംബന്ധിച്ച് വലിയ വിജയമാണ്. ഒരിക്കൽ 'ജി 23'ൽ തന്‍റെ അനുയായികളായവരെ തരൂർ മറികടക്കുകയും വെല്ലുവിളി ഉയർത്തി സ്വയം നിലയുറപ്പിക്കുകയും ചെയ്തു.' - അദ്ദേഹം ട്വീറ്റ് ചെയ്തു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെ 7897 വോട്ട് നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് മാത്രമാണ് നേടാനായത്. 24 വർഷത്തിന് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.