ന്യൂഡൽഹി: അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസിന്അഭിനന്ദനങ്ങൾ നേർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. വൈകാതെ ഇന്ത്യയിൽ വെച്ച് താങ്കളെ സ്വീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സോണിയ കത്തിൽ കുറിച്ചു.
''താങ്കളുടെ വിജയം അമേരിക്കൻ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങളായ ജനാധിപത്യം, സാമൂഹിക നീതി, വംശീയ-ലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണ്. കറുത്ത വർഗക്കാർക്കും അമേരിക്കൻ ഇന്ത്യക്കാർക്കും ഇത് വലിയ വിജയമാണ്. താങ്കളുടെ അമ്മയിൽ നിന്നും ഉൾകൊണ്ട മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും വേണ്ടി നിലകൊണ്ടതിൽ അഭിനന്ദിക്കുന്നു''
''വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി താങ്കൾ പ്രവർത്തിക്കുമെന്നും ഇന്ത്യയുമായുള്ള സൗഹൃദം താങ്കൾ കരുത്തുറ്റതാക്കുമെന്നും എനിക്കറിയാം. ലോകത്തെ ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി താങ്കൾ നിലകൊള്ളും. ഇന്ത്യയിൽ വെച്ച് അധികം വൈകാതെ താങ്കളെ സ്വീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. താങ്കൾ വലിയ രാജ്യത്തെ നേതാവ് മാത്രമല്ല, ഇന്ത്യയുടെ പ്രിയപ്പെട്ട മകൾ കൂടിയാണ്'' -സോണിയ ഗാന്ധി കമലക്കയച്ച കത്തിൽ പറഞ്ഞു.
നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും സോണിയ അഭിനന്ദനക്കത്ത് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.