ഹൈദരാബാദ്: തെലങ്കാനയുടെ പിറവിക്ക് കാരണക്കാരിയായ നേതാവ് മുന്നിലെത്തിയപ്പോൾ വോട്ടർമാർ തെലുഗു ഭാഷയിൽ ആവേശത്താൽ ആർപ്പുവിളിച്ചു. ‘തെലങ്കാന തള്ളി സോണിയാമ്മ’ (തെലങ്കാനയുടെ മാതാവ് സോണിയ).ഹൈദരാബാദിൽനിന്ന് 40 കി.മീറ്റർ അകലെ മെദ്ചലിലെ വേദിയിലായിരുന്നു സോണിയക്ക് ആവേശകരമായ സ്വീകരണം.
സോണിയ അധ്യക്ഷയായിരിക്കെ കഴിഞ്ഞ യു.പി.എ സർക്കാറാണ് തെലങ്കാന സംസ്ഥാനത്തിെൻറ രൂപവത്കരണത്തിന് അനുമതി നൽകിയത്. ശേഷം ആദ്യമായിട്ടായിരുന്നു സോണിയയുടെ സംസ്ഥാന സന്ദർശനം. വേദിയിൽ സംസാരിച്ച നേതാക്കളെല്ലാം ‘തെലങ്കാന തള്ളി സോണിയാമ്മ’ എന്നാവർത്തിച്ചപ്പോൾ വൻ കരഘോഷമുയർന്നു.
പാർട്ടിക്ക് വൻ തിരിച്ചടിക്ക് ഇടവരുത്തുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പുതിയ സംസ്ഥാന രൂപവത്കരണത്തിന് മുൻകൈയെടുത്തതെന്ന് സോണിയ പറഞ്ഞു. മക്കളുടെ പുരോഗതിയാണ് അമ്മ എപ്പോഴും ആഗ്രഹിക്കുക. അതാണ് തെലങ്കാനക്ക് സമ്മതം മൂളാൻ കാരണം. എന്നാൽ, കഴിഞ്ഞ നാലരവർഷം സംസ്ഥാനത്ത് ഏകാധിപത്യ ഭരണമാണ് നടന്നതെന്ന് സോണിയ ആരോപിച്ചു. ഒരു കുടുംബത്തിനാണ് ഇതുകൊണ്ട് നേട്ടമുണ്ടായതെന്നും തെലങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിനെ പരോക്ഷമായി പരാമർശിച്ച് അവർ പറഞ്ഞു.
ഇപ്പോൾ തെലങ്കാനയെ നോക്കൂ. വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. പറഞ്ഞതെല്ലാം നിങ്ങൾക്ക് കിട്ടിയോ എന്ന സദസ്സിനോടുള്ള സോണിയയുടെ ചോദ്യത്തിന് ഇല്ല എന്ന ആരവമായിരുന്നു മറുപടി. സോണിയ പെങ്കടുത്ത ചടങ്ങിലേക്ക് വളരെ വൈകി മധ്യപ്രദേശിൽനിന്ന് രാഹുൽ ഗാന്ധിയും എത്തിച്ചേർന്നു. ടി.ആർ.എസിെൻറ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ കൈകോർക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുമെന്നും സോണിയ പറഞ്ഞു. അതേസമയം, സോണിയയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിെൻറ മകളും എം.പിയുമായ കെ. കവിത രംഗത്തുവന്നു.
തെലങ്കാനയിൽ വന്ന് ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കുമെന്ന് അവർക്ക് എങ്ങനെ പറയാൻ കഴിയുമെന്ന് കവിത ചോദിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് സോണിയ പറഞ്ഞതെന്നും കവിത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.