രാഹുലില്ല, കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. അധ്യക്ഷനായി വീണ്ടുമെത്തണം എന്ന ആവശ്യം രാഹുൽ ഗാന്ധി തള്ളിയതോടെയാണിത്. സോണിയാ ഗാന്ധിയുടെ വസതിയില്‍ അഞ്ച് മണിക്കൂറോളം നീണ്ട ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംഘടനാ പ്രശ്‌നങ്ങള്‍ തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയും ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കിൽ കൂടുതൽ തിരിച്ചടിയുണ്ടാവുമെന്ന് യോഗം വിലയിരുത്തി. 

വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പാർട്ടിയിൽ നേതൃമാറ്റം ആവശ്യമാണെന്ന് മുറവിളി ഉയരുന്ന സാഹചര്യത്തിൽ രാഹുൽ വീണ്ടും പാർട്ടിയെ നയിക്കണമെന്ന് പല നേതാക്കളും ആവശ്യമുയർത്തിയിരുന്നു. എന്നാൽ, തന്‍റെ മുൻ തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ നിലപാടെടുക്കുകയായിരുന്നു.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കലാപക്കൊടി ഉയർത്തിയിരുന്നു. ഇവരെ അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തിയതോടെ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് കോൺഗ്രസിൽ ഉടലെടുത്തത്. പാർട്ടിക്ക് ആത്മപരിശോധന നടത്താനുള്ള സമയമായെന്ന് മുതിർന്ന നേതാക്കളായ കപിൽ സിബൽ, പി. ചിദംബരം, ശശി തരൂർ തുടങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി ക്ക് ബദലാവാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് കപിൽ സിബൽ വിമർശിച്ചിരുന്നു.

നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ദേശീയ അധ്യക്ഷൻ വേണമെന്ന ആവശ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്. രാഹുൽ ഗാന്ധി വീണ്ടുമെത്തുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം സന്നദ്ധനല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. എന്നാൽ, നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ വേണമെന്ന അഭിപ്രായമാണ് രാഹുലിനുള്ളത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞത്. പലമുതിർന്ന നേതാക്കൾക്കെതിരെയും രൂക്ഷമായ വിമർശനം രാഹുൽ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.