ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. ഏഴുമണിക്കൂർ നീണ്ട കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനുശേഷമാണ് തീരുമാനം. എ.ഐ.സി.സി സമ്മേളനം വിളിക്കാനാണ് തീരുമാനം. അടുത്ത വർഷം ആദ്യം സമ്മേളനം ചേരുകയും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയും ചെയ്യും.
കോൺഗ്രസ് നേതൃത്വത്തിൽ അടിമുടി മാറ്റം ആവശ്യമാണെന്നും മുഴുവൻ സമയ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ കത്തെഴുതിയിരുന്നു. ഇതേ തുടർന്ന് അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ വ്യക്തമാക്കുകയും ചെയ്തു. കത്തെഴുതിയ സംഭവത്തിൽ സോണിയ അതൃപ്തി രേഖപ്പെടുത്തി. 'മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയത് ഏറെ വേദനിപ്പിച്ചു. അവർ എൻെറ സഹപ്രവർത്തകരാണ്. പഴയത് പഴയതുതന്നെ. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കണം' കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി പറഞ്ഞു.
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ മുതിർന്ന നേതാക്കൾക്ക് എതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ പ്രവർത്തക സമിതിയിൽ അരങ്ങേറിയിരുന്നു. കത്തയച്ചവർ ബി.ജ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരാണെന്ന് രാഹുൽ ഗാന്ധി പരാമർശിച്ചതായ വാർത്തകൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു സംഭവവികാസങ്ങൾ. ഇതിനെതിരെ മുതിർന്ന നേതാവ് കപിൽ സിപൽ ട്വീറ്റിലൂടെ പരസ്യമായി രംഗത്തെത്തുകയും പിന്നീട് രാഹുൽ ഗാന്ധി അത്തരം പരാമർശം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ട്വീറ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.