ദാദയും ദീദിയും ഒന്നിച്ച്, ഊഹാപോഹങ്ങളുമായി രാഷ്​​ട്രീയ വൃത്തങ്ങൾ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും പശ്ചിമ ബംഗാൾ മുഖ്യമ​ന്ത്രി മമത ബാനർജിയും ഒരേ വേദിയിലെത്തിയതിൽ അഭ്യൂഹം പടർത്തി രാഷ്ട്രീയ കേന്ദ്രങ്ങൾ. കഴിഞ്ഞ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമതക്ക് എതിരാളിയായി സൗരവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിരുന്നു. ഗാംഗുലി പ്രസിഡന്റായ ബി.സി.സി.ഐയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് സെക്രട്ടറി. താൻ ബി.ജെ.പി അനുഭാവം പുലർത്തുന്നയാളാണെന്ന നിരീക്ഷണങ്ങൾ ശക്തമായ വേളയിലാണ് ഗാംഗുലി മമത മുൻകൈയെടുത്ത് നടത്തുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ​ങ്കെടുത്തത്.

എന്നാൽ, എക്കാലത്തും 'ദീദി​'യോട് അടുപ്പം പുലർത്തിയിരുന്നയാളാണ് 'ദാദ' എന്ന് ബംഗാളുകാർ സ്നേഹപൂർവം വിളിക്കുന്ന സൗരവ് ഗാംഗുലി. ബംഗാളി​ന്റെ പ്രതീകമായ ഈ അനുഗൃഹീത ക്രിക്കറ്റർ ഏറ്റവുമൊടുവിൽ മമതയുടെ വിളിക്ക് ഉത്തരം നൽകി അവർ സംഘടിപ്പിച്ച ചടങ്ങിനെത്തിയതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായത്.

ബംഗാളിലെ പ്രശസ്തമായ ദുർഗ പൂജ ആഘോഷങ്ങളെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപെടുത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർണാഭമായ റാലിയിലാണ് ഗാംഗുലി പ​ങ്കെടു​ത്തത്. വേദിയിൽ മമത ബാനർജിക്ക് തൊട്ടടുത്തായാണ് സൗരവിന് ഇരിപ്പിടമൊരുക്കിയത്. 1000 ദുർഗ പൂജ കമ്മിറ്റികളുടെ പ്രതിനിധികളാണ് റാലിയിൽ പ​ങ്കെടുത്തത്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഫിർഹാദ് ഹക്കീം, സുദീപ് ബന്ദോപാധ്യായ, അരൂപ് ബിശ്വാസ്, ശശി പാഞ്ച എന്നിവരും റാലിക്ക് നേതൃത്വം നൽകാനെത്തിയിരുന്നു.




ഒരു മാസം നീളുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുകയെന്ന് മമത പറഞ്ഞു. 'എല്ലാ വിഭാഗീയതകൾക്കുമപ്പുറത്ത് ബംഗാളികളെ ഒന്നിപ്പിക്കുന്ന വികാരമാണ് ദുർഗ പൂജ. കലയും ആത്മീയതയും ഉജ്വലമായി സമന്വയിക്കുന്ന വേളയാണത്. ദുർഗ പൂജയെ അംഗീകരിച്ചതിന് യുനെസ്കോക്ക് നന്ദി അറിയിക്കുന്നു' -മമത പറഞ്ഞു. തപതി ഗുഹ എന്ന അധ്യാപികയാണ് ദുർഗ പൂജ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ബംഗാളിയിൽ പ്രസംഗം തുടങ്ങിയ സൗരവ് ഗാംഗുലി, വിദേശ അതിഥികളെ പരിഗണിച്ച് ഇംഗ്ലീഷിലേക്ക് പിന്നീട് പ്രസംഗം മാറ്റി. 'മുഖമന്ത്രിക്ക് നന്ദി. ദുർഗ പൂജ നമ്മുടെ സങ്കൽപങ്ങൾക്കും അപ്പുറത്താണ്. നിങ്ങൾ പണക്കാരനോ പാവപ്പെട്ടവനോ ആകട്ടെ, അധികാരമു​ള്ളവനോ അല്ലാത്തവനോ ആകട്ടെ... ദുർഗ പൂജ എല്ലാവരുടെയും മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കുന്നു' -സൗരവ് പറഞ്ഞു. 

Tags:    
News Summary - Sourav Ganguly sits next to Mamata Banerjee at Red Road function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.