ന്യൂഡൽഹി: കോൺഗ്രസ് പരിഗണിക്കാതിരുന്നതോടെ, ഇൻഡ്യ ഘടകകക്ഷികളായ സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും മധ്യപ്രദേശിലെ പരമാവധി മണ്ഡലങ്ങളിൽ സ്ഥാനാർഥികളും പ്രചാരണവുമായി മുന്നോട്ട്. നവംബർ 17ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് സമാജ്വാദി പാർട്ടിയുടെ രണ്ടാം പട്ടികക്ക് പിന്നാലെ ആം ആദ്മി പാർട്ടി 30 പേരുടെ മൂന്നാം പട്ടിക പുറത്തുവിട്ടു. മധ്യപ്രദേശിൽ മുഖ്യമന്ത്രി പദമുറപ്പിച്ചിരിക്കുന്ന കമൽനാഥിന്റെ സമീപനം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യസാധ്യതകളെ ബാധിക്കുമെന്ന മുന്നറിയിപ്പ് ‘ഇൻഡ്യ’ ഘടകകക്ഷികൾ നൽകിക്കഴിഞ്ഞു.
മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്.പിയോട് ചെയ്തത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്.പി കോൺഗ്രസിനോട് തിരിച്ചുചെയ്യുമെന്ന് പാർട്ടി തലവൻ അഖിലേഷ് യാദവ് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അഖിലേഷിന് മറുപടി നൽകിയ യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് മധ്യപ്രദേശിൽ നേരിട്ടല്ലാതെ ബി.ജെ.പിയെ സഹായിക്കുകയാണ് എസ്.പി ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി.
ബി.ജെ.പിയെ മധ്യപ്രദേശിൽ തടയാൻ എസ്.പി കോൺഗ്രസിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഘോസി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണച്ച എസ്.പി സ്ഥാനാർഥി ബി.ജെ.പിക്കെതിരെ ജയിച്ചപ്പോൾ ഉത്തരാഖണ്ഡിലെ ബാഘേശ്വറിൽ എസ്.പി സ്വന്തം സ്ഥാനാർഥിയെ നിർത്തി കോൺഗ്രസിനെതിരെ ബി.ജെ.പി സ്ഥാനാർഥിയെ ജയിപ്പിച്ചുവെന്ന് അജയ് റായ് ഓർമിപ്പിച്ചു. മറുഭാഗത്ത് കോൺഗ്രസിനെ കാത്തുനിൽക്കാതെ ആപ് പ്രഖ്യാപിച്ച ആദ്യപട്ടികയിലെ 10 പേരും രണ്ടാം പട്ടികയിലെ 29 പേരും മധ്യപ്രദേശിൽ പ്രചാരണവുമായി മുന്നോട്ടുപോകുകയാണ്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വോട്ടർമാർക്ക് നിരവധി ‘ഗാരന്റി’കൾ പ്രഖ്യാപിച്ചു. സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഉന്നത നിലവാരമുള്ള സ്കൂളുകൾ, 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി, 20 ലക്ഷം രൂപ വരെ ചെലവ് വരുന്ന ചികിത്സ സൗജന്യം, നവംബർ 30വരെയുള്ള വൈദ്യുതി ബിൽ എഴുതിത്തള്ളൽ തുടങ്ങിയവ ആപ് ഗാരന്റികളിൽപെടും. അധികാരത്തിലെത്തിയാൽ ഡൽഹി, പഞ്ചാബ് മാതൃകയിൽ മുഴുവൻ താൽക്കാലിക, കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.