ന്യൂഡല്‍ഹി: പിളര്‍പ്പിലേക്ക് നീങ്ങുന്ന യു.പിയിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ ജനകീയ ചിഹ്നം സൈക്കിള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും മുഖ്യമന്ത്രി അഖിലേഷ് യാദവും പിടിവലി. അതേസമയം, അച്ഛന്‍െറയും മകന്‍െറയും അവകാശവാദത്തില്‍ തീര്‍പ്പുകല്‍പിക്കാതെ ചിഹ്നം മരവിപ്പിക്കാന്‍ സാധ്യതയേറി.
പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിക്കാട്ടി സൈക്കിള്‍ ചിഹ്നവും പാര്‍ട്ടിയുടെ പേരും ആസ്തിയും തന്‍െറ പക്ഷത്തിന് ഉറപ്പുവരുത്താന്‍ മുലായം സിങ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. സമാജ്വാദി പാര്‍ട്ടിയിലെ മഹാഭൂരിപക്ഷം തനിക്കൊപ്പമാണെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവും സൈക്കിളില്‍ പിടിമുറുക്കി. രാംഗോപാല്‍ യാദവിന്‍െറ നേതൃത്വത്തില്‍ അഖിലേഷ് പക്ഷം ചൊവ്വാഴ്ച കമീഷനെ കാണും.
തെരഞ്ഞെടുപ്പുസമയത്ത് സൈക്കിള്‍ ചിഹ്നം നഷ്ടപ്പെടുന്നത് മുലായത്തിനും അഖിലേഷിനും മാരക പ്രത്യാഘാതമുണ്ടാക്കും. ചിഹ്നം മാത്രം നോക്കി വോട്ടുചെയ്യുന്ന യാദവരടക്കം വലിയൊരു വിഭാഗമാണ് യു.പിയുടെ ഗ്രാമങ്ങളിലുള്ളത്. യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അടുത്തദിവസം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍.ഇതിനിടയില്‍ ചിഹ്നതര്‍ക്കം തീര്‍ക്കാന്‍ കമീഷന് സമയമുണ്ടാവില്ല.
അഖിലേഷിനെ പാര്‍ട്ടി ദേശീയ പ്രസിഡന്‍റാക്കിയ കണ്‍വെന്‍ഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് മുലായവും ഇളയ സഹോദരനായ ജനറല്‍ സെക്രട്ടറി ശിവ്പാല്‍ യാദവും നടത്തുന്നത്. ഇരുവര്‍ക്കുമൊപ്പം കമീഷനെ കാണാന്‍ ലണ്ടന്‍ ഉല്ലാസയാത്ര വെട്ടിച്ചുരുക്കി ജനറല്‍ സെക്രട്ടറി അമര്‍ സിങ്ങും ഡല്‍ഹിയില്‍ എത്തിയിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം പാര്‍ട്ടി അധ്യക്ഷന്‍ എവിടെയാണോ അവിടെയാണ് പേരും കൊടിയും ആസ്തിയുമെല്ലാം പോവുകയെന്നാണ് മുലായം പക്ഷത്തിന്‍െറ വാദം. എന്നാല്‍, ഭരണഘടനയില്‍ പറയുന്നതുപോലെ 40 ശതമാനത്തില്‍ കൂടുതല്‍ നിര്‍വാഹക സമിതിയംഗങ്ങള്‍ അഖിലേഷിനെ അഖിലേന്ത്യാ പ്രസിഡന്‍റാക്കിയ ഞായറാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് ഡല്‍ഹിയിലുള്ള രാംഗോപാല്‍ യാദവും സംഘവും ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.