നിങ്ങളുടെ ഭേദഗതിയെ ആരും പിന്തുണക്കാനില്ലെന്ന് സ്പീക്കർ; അല്ലാഹുവുണ്ടെന്ന് ഉവൈസി

ന്യൂഡൽഹി: വനിത സംവരണ ബില്ലിൽ ഭേദഗതി വോട്ടെടുപ്പ് നിർദേശിച്ചതിനെ പരിഹസിച്ച സ്പീക്കർക്ക് തക്ക മറുപടി നൽകി അഖിലേന്ത്യ മുസ്‍ലിം മജ്‍ലിസെ ഇത്തിഹാദു മുസ്‍ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ലോക്സഭയിൽ ചർച്ച ചെയ്ത വനിത സംവരണ ബില്ലിൽ അസദുദ്ദീൻ ഉവൈസി ഭേദഗതി നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ചർച്ച പൂർത്തിയാക്കിയ ശേഷം ബിൽ പാസാക്കാനുള്ള നടപടികളിലേക്ക് സ്പീക്കർ കടന്നതോടെ ഉവൈസി ഭേദഗതികൾ വോട്ടിനിടണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.

ഈ സന്ദർഭത്തിലാണ് ഭേദഗതി വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട ഉവൈസിയോട് ആരും നിങ്ങളെ പിന്തുണക്കാനില്ലെന്ന് സ്പീക്കർ പറഞ്ഞത്. എന്നാൽ, അല്ലാഹുവുണ്ടെന്നായിരുന്നു ഉവൈസിയുടെയും എ.ഐ.എം.ഐ.എം ഔറംഗാബാദ് എം.പി ഇംതിയാസ് ജലീലിന്റെയും ഒരുമിച്ചുള്ള മറുപടി.

തുടർന്ന് ഇരുവരും വോട്ടിനിടണമെന്ന് നിർബന്ധം പിടിക്കുകയും ഉവൈസി നിർദേശിച്ച ഭേദഗതികൾ ഓരോന്നോരോന്നായി വോട്ടിനിട്ട് രണ്ടിനെതിരെ 454 വോട്ടിന് തള്ളുകയും ചെയ്തു. ഭേദഗതികൾ വോട്ടിനിടാനായി മാത്രം ഒരു മണിക്കൂറിലേറെ സമയമാണ് സഭ എടുത്തത്.

മോദി സർക്കാർ കൊണ്ടുവന്ന വനിത സംവരണം സവർണ വനിതകൾക്ക് മാത്രമുള്ളതാണെന്നും മുസ്ലിംകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പാർലമെന്റിലേക്കുള്ള വഴി അടക്കുന്നതാണെന്നും ലോക്സഭയിൽ നടന്ന ചർച്ചയിൽ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഉവൈസി ചൂണ്ടിക്കാട്ടി. സവർണ വനിത പ്രതിനിധികളുടെ എണ്ണം വർധിക്കാൻ മാത്രമേ ബിൽ ഉപകരിക്കൂവെന്ന് ഉവൈസി പറഞ്ഞു.

രാജ്യത്ത് മുസ്‍ലിം സ്ത്രീകൾ ജനസംഖ്യയുടെ ഏഴ് ശതമാനമുണ്ട്. എന്നാൽ, നിലവിൽ ലോക്സഭയിൽ അവരുടെ പ്രാതിനിധ്യം വെറും 0.7 ശതമാനം മാത്രമാണ്. 17-ാം ലോക്‌സഭ വരെ 690 വനിത എം.പിമാർ തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 25 പേർ മാത്രമാണ് മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

സഭയിൽ പ്രാതിനിധ്യം കുറവായ ഒ.ബി.സി, മുസ്‍ലിം സ്ത്രീകളിലേക്ക് സംവരണം എന്തുകൊണ്ട് വ്യാപിപ്പിക്കുന്നില്ല? സർദാർ വല്ലഭായ് പട്ടേലും ജവഹർലാൽ നെഹ്‌റുവും ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയായിരുന്നു. അവർ സത്യസന്ധരായിരുന്നെങ്കിൽ മുസ്‍ലിം പ്രാതിനിധ്യം കൂടുമായിരുന്നുവെന്നും എം.പി പറഞ്ഞു.

അതേസമയം, ഇന്ത്യൻ പാർലമെന്റിൽ മുസ്‍ലിം പ്രാതിനിധ്യം ഇല്ലാതാക്കിയത് ജവഹർലാൽ നെഹ്റുവും വല്ലഭായ് പട്ടേലുമാണെന്ന ഉവൈസിയുടെ പരാമർശം ബി.ജെ.പിയുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പിനെ തുടർന്ന് ചെയറിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് സഭ രേഖകളിൽ നിന്ന് നീക്കി.

Tags:    
News Summary - Speaker, no one will support your amendment; Asaduddin Owaisi that there is Allah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.