ഡൽഹി പൊലീസിന്‍റെ കൈയേറ്റം പാടില്ലാത്തത്, കമീഷണറോട് വിശദീകരണം തേടുമെന്ന് സ്പീക്കർ ഓം പ്രകാശ് ബിർള

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരെ കൈയേറ്റം ചെയ്ത ഡൽഹി പൊലീസിനെതിരെ നടപടിയുമായി ലോക്സഭ സ്പീക്കർ ഓം പ്രകാശ് ബിർള. ഡൽഹി പൊലീസ് കമീഷണർ രാജേഷ് അസ്താനയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് എം.പിമാർക്ക് സ്പീക്കർ ഉറപ്പുനൽകി. നടക്കാൻ പാടില്ലാത്ത കാര്യമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

പൊലീസ് കൈയേറ്റം ചെയ്ത സംഭവം ലോക്സഭ ചോദ്യോത്തരവേളയിൽ എം.പിമാർ ഉന്നയിച്ചു. തുടർന്ന് ചേംബറിലെത്തി സ്പീക്കറെ നേരിൽ കണ്ട് സംഭവം വിശദീകരിച്ചു. ഈ സന്ദർഭത്തിലാണ് കമീഷണറെ നേരിൽ വിളിച്ചു വിശദീകരണം തേടുമെന്ന് സ്പീക്കർ ഉറപ്പുനൽകിയത്. അവകാശലംഘത്തിന് നോട്ടീസ് നൽകാൻ എം.പിമാർ തീരുമാനിച്ചിട്ടുണ്ട്.

കെ റെയിൽ പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർക്ക് നേരെയാണ് ഡൽഹി പൊലീസിന്‍റെ ആക്രമണം നടന്നത്. എം.പിമാരായ ഹൈബി ഈഡ​ന്റെ മുഖത്തടിക്കുകയും ടി.എൻ പ്രതാപനെ പിടിച്ചു തള്ളുകയും ചെയ്തു. രമ്യ ഹരിദാസിനെ പുരുഷ പൊലീസുകാർ കൈപിടിച്ചു വലിക്കുകയും ചെയ്തു.

എം.പിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല. ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, രമ്യ ഹരിദാസ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർക്ക് നേരെയും കൈയേറ്റം നടന്നു.

കെ. റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിജയ്ചൗക്കിൽ മാധ്യമങ്ങ​ളെ കണ്ടശേഷം പാർലമെന്റിലേക്ക് നടന്നു പോകവേ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. കൈയിൽ പ്ലക്കാർഡുകളുമായി പോവുകയായിരുന്ന എം.പിമാരെ പൊലീസുകാർ കായികമായി നേരിട്ടു. തങ്ങൾ എം.പിമാരാണെന്നും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയാണെന്നും അറിയിച്ചെങ്കിലും പൊലീസ് അക്രമം അവസാനിപ്പിച്ചില്ല.

Tags:    
News Summary - Speaker Om Prakash Birla has asked the Delhi Police commissioner to explain in UDF MPs Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.