ലോക്സഭയിൽ വാക്പോരായിഗുജറാത്ത് തുറമുഖത്തെ മയക്കുമരുന്നു വേട്ട

ന്യൂഡൽഹി: ഗുജറാത്തിലെ വൻതോതിലുള്ള മയക്കുമരുന്ന് വേട്ടയെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് പലവട്ടം കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു. ഗുജറാത്ത് കേന്ദ്രീകരിച്ച് ഇത്തരത്തിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നത് തൃണമൂൽ കോൺഗ്രസിലെയും മറ്റും അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ നേരിട്ടത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. മയക്കുമരുന്ന് പിടിക്കപ്പെടുന്നത്, ഭരണകൂടത്തിന്‍റെ ഒരുവിധ ഒത്താശയോ വിട്ടുവീഴ്ചയോ ഇല്ലാത്തതാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

മയക്കുമരുന്ന് വ്യാപനം കർക്കശമായി നേരിടണമെന്ന കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി ലോക്സഭ. രണ്ടു ദിവസമായി നടന്ന ചർച്ചക്കൊടുവിൽ സ്പീക്കർ ഇക്കാര്യത്തിൽ മുന്നോട്ടുവെച്ച നിലപാട് സഭാംഗങ്ങൾ ഐകകണ്ഠ്യേന അംഗീകരിച്ചു.

രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് മയക്കുമരുന്ന് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈകോർക്കണമെന്ന് ചർച്ചകൾക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് ശൃംഖലകളെക്കുറിച്ച് കേന്ദ്രസർക്കാർ സൂചനകളുടെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ തയാറാക്കിയിട്ടുണ്ട്. ഈ കണ്ണികളെ കണ്ടെത്തി ഇരുമ്പഴിക്കുള്ളിലാക്കുന്ന പ്രവർത്തനങ്ങൾ അടുത്ത രണ്ടു വർഷത്തിനിടയിൽ നടക്കും. മയക്കുമരുന്ന് കച്ചവടത്തിനു പിന്നിൽ ലാഭം മാത്രമല്ല, ഭീകരതബന്ധവുമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. രാഷ്ട്രത്തിന്‍റെ ഭാവിയെയും യുവതലമുറയുടെ ബൗദ്ധികശേഷിയെയും തകര്‍ക്കുന്ന മയക്കുമരുന്നിന്‍റെ വിപണനവും വിനിയോഗവും തടയാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ചർച്ചയിൽ ആവശ്യപ്പെട്ടു. മയക്കുമരുന്നിന്‍റെ ഉപയോഗം തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. ചെറിയ അളവില്‍ മയക്കുമരുന്ന് വിപണനം നടത്തുന്നതിനുള്ള ശിക്ഷ ലഘൂകരിച്ചുകൊണ്ടുള്ള പുതിയ ഭേദഗതി പുനഃപരിശോധിക്കണം.

ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് 2020ൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് 3,060 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ടെന്നാണ്. സ്കൂളുകളിലെ കൊച്ചുകുട്ടികൾപോലും മയക്കുമരുന്ന് കടത്താനുള്ള ഉപകരണമാവുന്നു.

മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ബോധവത്കരണം സ്കൂൾ, കോളജ് സിലബസിൽ ഉൾപ്പെടുത്തണം. മയക്കുമരുന്ന് കടത്തുന്നവർക്ക് ജീവപര്യന്തമോ വധശിക്ഷയോ നൽകുന്നതിന് നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമം ഉടനടി ഭേദഗതി ചെയ്യണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Speaking in the Lok Sabha on Gujarat port Drug bust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.