പത്രപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഛോട്ടാ രാജനെ 'രക്ഷിച്ച്' സിബിഐ

മുംബൈ: 90 കളിലെ പ്രമുഖ കുറ്റാന്വേഷണ പത്രപ്രവർത്തകൻ ബൽജീത് പാർമറെ വധിക്കാൻ ശ്രമിച്ച കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് ക്ലീൻചിറ്റ് നൽകി കോടതിയിൽ സിബിഐ റിപ്പോർട്ട്. 1997 ൽ നടന്ന വധശ്രമത്തിൽ ഛോട്ടാ രാജന് പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പരാതിക്കാരനായ ബൽജീത് പാർമറെ കാണാനില്ലെന്നും പറഞ്ഞാണ് സിബിഐ മുംബൈയിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് അംഗീകരിച്ച പ്രത്യേക കോടതി ജഡ്ജി എ. ടി വാൻഖഡെ കേസ് അവസാനിച്ചതായി ഉത്തരവിടുകയും ചെയ്തു.

എന്നാൽ, സിബിഐ ഛോട്ടാ രാജനെ രക്ഷിക്കുകയാണെന്നും നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും എഴുപതുകാരനായ പത്രപ്രവർത്തകൻ ബൽജീത് പറഞ്ഞു. തന്നെ കാണാനില്ലെന്നാണ് സിബിഐ കോടതിയിൽ പറഞ്ഞത്. എന്നാൽ, കേസ് നേരത്തെ അന്വേഷിച്ച മുംബൈ പോലീസിന്റെയും പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐ ഉദ്യോഗസ്ഥന്റെയും കൈവശം തന്റെ ഫോൺ നമ്പർ ഉണ്ട്. ഓൺലൈൻ മാധ്യമ പ്രവർത്തനത്തിൽ സജീവവുമാണ്. എന്നിട്ടും തന്നെ കണ്ടെത്താനായില്ലെന്നു പറയുന്നത് വിചിത്രമാണ്. സിബിഐ ഇതുവരെ തന്നെ മൊഴിയെടുക്കാൻ വിളിച്ചിട്ടില്ല- ബൽജീത് പറഞ്ഞു.

1997 ജൂൺ 12 ന് ആന്റോപ് ഹില്ലിൽ തന്റെ വാഹനം കാത്തുനിൽക്കെ ബൈക്കിലെത്തിയ രണ്ടു പേർ ബൽജീതിന് നേരേ നിറയൊഴിക്കുകയായിരുന്നു. അന്ന് കേസന്വേഷിച്ച ആന്റോപ് ഹിൽ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ഇവർ ഛോട്ടാ രാജനു വേണ്ടിയാണ് ബൽജീതിനെ വധിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസിൽ ഛോട്ടാ രാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ബാലിയിൽ പിടിയിലായ ഛോട്ടാ രാജനെ 2015 ഒക്ടോബർ 25 നാണ് ഇന്ത്യക്ക് കൈമാറിയത്. മുംബൈയിൽ എഴുപതോളം കേസുകളിൽ പ്രതിയായ ഛോട്ടാ രാജനെ എന്നാൽ കേന്ദ്രസർക്കാർ ഇടപെട്ട് ഡൽഹി തീഹാർ ജയിലിലേക്കാണ് കൊണ്ടുപോയത്. രാജനെതിരായ മുഴുവൻ കേസുകളും സിബിഐക്ക് കൈമാറുകയും ചെയ്തു. മുംബൈ പോലീസിന് പിടികൊടുക്കാതിരിക്കാനാണ് രാജനെ ഡൽഹിക്ക് കൊണ്ടുപോയതും കേസുകൾ സിബിഐക്ക് കൈമാറിയതുമെന്ന് അന്നേ ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Special CBI court closes attempt to murder case against Chhota Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.