ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സഹായം നൽകാനുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) ഘടനാപരമായ മാറ്റം വരുത്തി സുതാര്യമാക്കാനുള്ള മുസ്ലിം ലീഗ് പാര്‍ലമെന്റ് പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നിർദേശത്തിന് ലോക്സഭയുടെ സർവാത്മനാ പിന്തുണ. പ്രതിപക്ഷ എം.പിമാർ ബഷീറിനെ പിന്തുണച്ചതിനു പുറമെ, ഈ നിർദേശം സർക്കാർ മുഖവിലക്കെടുക്കണമെന്ന് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു. വിഷയം പരിഗണനാർഹമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവർധന്‍ സിങ്ങും സഭയിൽ വ്യക്തമാക്കി.
ഈ ഫണ്ടിന്റെ കണക്കും അത് കൈയാളുന്ന രീതിയും ചോദിച്ച് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനും മലപ്പുറം എം.പി ഇ.ടി. മുഹമ്മദ് ബഷീറും ഉന്നയിച്ച ചോദ്യങ്ങളാണ് വിഷയം പാർലമെന്റിന് മുന്നിലെത്തിച്ചത്. ജോലിയാവശ്യാര്‍ഥവും മറ്റും വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യന്‍ പൗരന്മാര് ദുരിതത്തിലാകുന്ന സന്ദര്‍ഭങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും സഹായിക്കുന്നതിനുവേണ്ടിയാണ് 2009ല്‍ അന്നത്തെ യു.പി.എ സർക്കാർ ഇത്തരമൊരു ഫണ്ട് ആവിഷ്കരിച്ചത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഫണ്ടാണെങ്കിലും കേന്ദ്ര ബജറ്റിൽ ഇതിന് തുകയൊന്നും വകയിരുത്താറില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവർധന്‍ സിങ് ഇരുവരുടെയും ചോദ്യത്തിന് മറുപടി നൽകി. വിദേശത്തെ ഇന്ത്യൻ എംബസികൾ പല നിലക്ക് സമാഹരിക്കുന്ന തുകയാണ് ഫണ്ടിലേക്കുള്ള വരുമാനം. ലോകത്തെ 137 രാജ്യങ്ങളിൽ നിന്നായി സമാഹരിച്ച 692 കോടി രൂപ നിലവിൽ ബാക്കിയുണ്ടെന്ന് മന്ത്രി അറിയിച്ചു.
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേന നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി റിപ്പോര്‍ട്ട് ബഷീർ സഭയുടെ ശ്രദ്ധയിൽപെടുത്തി. പാർലമെന്ററി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് കാര്യക്ഷക്ഷമമാക്കാൻ എംബസികളുടെ പ്രതിനിധിയും ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രതിനിധിയുമടങ്ങുന്ന സമിതിയുണ്ടാക്കണമെന്ന ബഷീറിന്റെ നിർദേശത്തിന് സ്പീക്കറുടെയും എം.പിമാരുടെയും പിന്തുണ ലഭിച്ചു. ഇക്കാര്യം സർക്കാറിന് സമർപ്പിക്കാൻ സ്പീക്കർ ബഷീറിനോട് ആവശ്യപ്പെടുകയും ചർച്ച ചെയ്യാമെന്ന് മന്ത്രി മറുപടി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.