ന്യൂഡൽഹി: ചത്തീസ്ഗഡിൽ 'തുപ്പൽ' പരാമർശത്തിൽ കൊമ്പുകോർത്ത് കോൺഗ്രസും ബി.ജെ.പിയും. ബി.ജെ.പി ജനറൽ സെക്രട്ടറി ഡി. പുരന്തേശ്വരിയുടെ വാക്കുകളാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
'നിങ്ങൾ പാർട്ടി പ്രവർത്തകർ ഒരുമിച്ച് 'തുപ്പിയാൽ' മുഖ്യമന്ത്രി ഭൂപേഷ് ബാഗലും മന്ത്രിസഭയും ഒഴുകിപ്പോകും' -എന്നായിരുന്നു പുരന്തേശ്വരിയുടെ വാക്കുകൾ. വ്യാഴാഴ്ച ബി.ജെ.പിയുടെ മൂന്നുദിവസം നീണ്ടുനിന്ന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
എന്നാൽ ഈ പരാമർശത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു. ബി.ജെ.പിയിലെത്തിയതോടെ അവരുടെ മാനസികാവസ്ഥ ഈ നിലയിലേക്ക് താഴുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് ബാഗൽ പറഞ്ഞു. ആരെങ്കിലും ആകാശത്തേക്ക് തുപ്പിയാൽ അത് നിങ്ങളുടെ മുഖത്തേക്ക് തന്നെ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ 2023ൽ ബി.ജെ.പിയെ അധികാരത്തിലത്തിക്കാനാകും. എല്ലാവരോടും ഒരു പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾ പ്രവർത്തകർ ഒരുമിച്ച് 'തുപ്പിയാൽ' മുഖ്യമന്ത്രി ഭൂപേഷ് ബാഗലും മന്ത്രിസഭയും ഒഴുകിപ്പോകും' -പുരന്തേശ്വരി പറഞ്ഞു.
പുരന്തേശ്വരിയുടെ പരാമർശത്തിൽ താൻ എന്താണ് പ്രതികരിക്കേണ്ടതെന്നായിരുന്നു ബാഗലിന്‍റെ ചോദ്യം. 'ഇത്തരം പ്രസ്താവനകൾക്കെതിരെ ഞാൻ എങ്ങനെ പ്രതികരണം? ബി.ജെ.പിയിൽ ചേർന്നതിന് ശേഷം പുരന്തേശ്വരിയുടെ മാനസികാവസ്ഥ ഈ നിലയിൽ താഴുമെന്ന് കരുതിയില്ല. കേന്ദ്ര സഹമന്ത്രിയായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നേപ്പാൾ അവർക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. ആരെങ്കിലും ആകാശത്തേക്ക് നോക്കി തുപ്പിയാൽ അത് അവനവന്‍റെ മുഖത്തേക്ക് തന്നെ തെറിക്കും' -ഭൂപേഷ് ബാഗൽ പറഞ്ഞു.
ഛത്തീസ്ഗഡിൽ ബി.ജെ.പിയുടെ ചുമതലയുള്ള വ്യക്തിയാണ് പുരന്തേശ്വരി. 2023ൽ സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി പ്രവർത്തകരും നേതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.