ബി.ജെ.പി രാമന്റെ അഭിമാനം കെടുത്താൻ ശ്രമിച്ചു, യഥാർഥ രാമഭക്തർ ഞങ്ങൾ -അയോധ്യയിലെ പുതിയ എം.പി

അ​യോധ്യ: ബി.ജെ.പി രാമനെ വെച്ച് കച്ചവടം ചെയ്യുകയായിരുന്നുവെന്നും രാമന്റെ അഭിമാനം തകർക്കാൻ അവർ പ്രവർത്തിച്ചുവെന്നും അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പിയെ തോൽപിച്ച് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.പി നേതാവ് അവധേഷ് പ്രസാദ്. യഥാർഥ രാമഭക്തർ തങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഹം റാം കോ ലായേ ഹേ (നമ്മൾ രാമനെ തിരികെ കൊണ്ടുവന്നു) എന്ന് പറഞ്ഞ് ബി.ജെ.പി രാജ്യത്ത് നുണ പ്രചരിപ്പിക്കുകയായിരുന്നു. രാമന്റെ പേരിൽ അവർ രാജ്യത്തെ വഞ്ചിച്ചു. രാമന്റെ പേരിൽ കച്ചവടം നടത്തി, രാമൻറെ പേരിൽ രാജ്യത്ത് പണപ്പെരുപ്പം വർധിപ്പിച്ചു, രാമന്റെ പേരിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചു, രാമന്റെ പേരിൽ പാവങ്ങളെയും കർഷകരെയും പിഴുതെറിഞ്ഞു എന്നതാണ് യാഥാർഥ്യം. രാമന്റെ അഭിമാനം തകർക്കാൻ ബി.ജെ.പി പ്രവർത്തിച്ചു. ജനങ്ങൾ ഇത് നന്നായി മനസ്സിലാക്കിയിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിക്ക് നന്നായി ചെയ്യാൻ അറിയുന്ന ഒരു കാര്യം ഹിന്ദു-മുസ്‍ലിം ധ്രുവീകരണവും പാകിസ്താനെക്കുറിച്ച് ആവർത്തിച്ചുള്ള പരാമർശങ്ങളുമാണ്. തൊഴിൽ രഹിതരായി തുടരുന്ന രാജ്യത്തെ യുവാക്കൾ അവരുടെ പരിഗണനാവിഷയമല്ല. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയെങ്കിലും അതിനെക്കുറിച്ചും ചർച്ചകളില്ല. പണപ്പെരുപ്പം കൂടുന്നതിനെക്കുറിച്ചും അവർക്ക് ആശങ്കയില്ല’ -അവധേഷ് പ്രസാദ് ആഞ്ഞടിച്ചു.

ഭരണഘടന പൊളിച്ചെഴുതാൻ ബി.ജെ.പിക്ക് 400 സീറ്റുകൾ വേണമെന്ന് ത​ന്റെ എതിരാളിയും ഫൈസാബാദിലെ ബി.ജെ.പി സ്ഥാനാർഥിയുമായയ ലല്ലു സിങ് പച്ചക്ക് പറഞ്ഞത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നെ ജനറൽ സീറ്റിൽ മത്സരിപ്പിച്ചാണ് ഞാൻ വിജയിച്ചത്. ഇത് അദ്ഭുതകരമാണ്. ഞാൻ 11 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിൽ ഒമ്പത് തവണയും വിജയിച്ചു. ആറ് തവണ മന്ത്രിയായിട്ടുണ്ട്. എന്റെ എതിരാളിയെ കെട്ടിവെച്ച പണം കിട്ടാത്ത തരത്തിൽ തോൽപിച്ചിട്ടുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. എല്ലാവർക്കും എന്നിൽ വിശ്വാസമുണ്ടായിരുന്നു, എല്ലാവരും സഹകരിച്ചു. ജാതിയൊന്നും പരിഗണനാ വിഷ​യമേ ആയിരുന്നില്ല’ -അവധേഷ് വ്യക്തമാക്കി.

‘രാമനെ തിരികെ കൊണ്ടുവന്നത് അവരല്ല, ആയിരക്കണക്കിന് വർഷങ്ങളായി രാമൻ ഇവിടെയുണ്ട്. എന്റെ നേതാവ് മുലായം സിങ് യാദവ് പറഞ്ഞത് അയോധ്യയിൽ ക്ഷേത്രം പണിയുന്നത് പരസ്പര ധാരണയിലോ കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആയിരിക്കണം എന്നാണ്. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായവും ഇതുതന്നെ ആയിരുന്നു’ - അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യയിൽ മസ്ജിദ് നിർമിക്കുന്ന കാര്യത്തിൽ കോടതി വിധി അക്ഷരംപ്രതി പാലിക്കുമെന്ന് തന്നെയാണ് ത​ന്റെ പ്രതീക്ഷയെന്നും അവധേഷ് പറഞ്ഞു.

Tags:    
News Summary - SP’s Ayodhya winner: ‘BJP kept saying hum Ram ko laaye hain, the reality is they did business in the name of Ram’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.