ജയ്പൂർ: പെൺകുട്ടികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ ഒളികാമറ സ്ഥാപിച്ച ഫ്ലാറ്റ് ഉടമ പിടിയിൽ. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. രാജ് സോണിയുടെ മകൻ കനയ്യ ലാൽ (36) ആണ് ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയത്.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പഠനാവശ്യത്തിനായി ഉദയ്പൂരിൽ എത്തി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച മൂന്ന് യുവതികൾക്കാണ് ദുരനുഭവമുണ്ടായത്. ഇവർ താമസിച്ച ഫ്ലാറ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതബന്ധം തകരാറിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തകരാർ പരിഹരിക്കാനായി എത്തിയ ഇലക്ട്രീഷ്യനാണ് ശുചിമുറിയിലും പെൺകുട്ടികൾ താമസിച്ചിരുന്ന മുറികളിലും സ്ഥാപിച്ചിരുന്ന ഒളികാമറകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോണി പിടിയിലായത്.
സി.സി.ടി.വി, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വ്യാപാരിയാണ് സോണിയെന്നും ഒളികാമറ സ്ഥാപിക്കുന്നതിൽ ഇയാൾക്ക് വൈദഗ്ധ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു. യുവതികൾ അവധിക്കാലം ആഘോഷിക്കാനായി നാട്ടിൽ പോയ വേളയിലാണ് ഇയാൾ ഫ്ലാറ്റിലെത്തി കാമറകൾ സ്ഥാപിച്ചത്. വൈഫൈ സംവിധാനത്തിനായി സ്ഥാപിച്ചിരുന്ന റൗട്ടർ വഴി മുറികളിലെ ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈലിലേക്ക് പകർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.