ഈദ്ഗാഹ് മൈതാനത്തെ ഗണേശോത്സവം: ചരിത്രദിനമെന്ന് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്

ബംഗളൂരു: വിനായക ചതുർഥി ദിനത്തിൽ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് കനത്ത സുരക്ഷയിൽ ഗണേശ പൂജ ചടങ്ങുകൾ നടന്നു. ഇത് ചരിത്രദിനമാണെന്നും ഏറെ കാലമായി ഹിന്ദുക്കൾ ആഗ്രഹിച്ചിരുന്നത് ഫലവത്തായെന്നും ഗണേശ വിഗ്രഹം സ്ഥാപിച്ച ശേഷം ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി വൈകി കർണാടക ഹൈക്കോടതിയിൽനിന്ന് അനുമതി ലഭിച്ചതിന് പിന്നാലെ ഈദ്ഗാഹ് മൈതാനത്ത് ഗണോശോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ദേവമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയിൽ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലികും അനുയായികളും ബുധനാഴ്ച രാവിലെ ഗണേശ വിഗ്രഹം മൈതാനത്തൊരുക്കിയ പന്തലിൽ സ്ഥാപിച്ചു. തുടർന്ന് പ്രാർഥനയും പൂജയും നടന്നു.

ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനം ഗണേശോത്സവ ചടങ്ങുകൾക്കായി മൂന്നു ദിവസത്തേക്കാണ് ഹുബ്ബള്ളി -ധാർവാഡ് മുനിസിപ്പൽ കോർപറേഷൻ വിട്ടുനൽകിയത്. അനുമതിക്കെതിരെ ഹുബ്ബളളിയിലെ മുസ്‍ലിം കൂട്ടായ്മയായ അൻജുമാനെ ഇസ്‍ലാം നൽകിയ അടിയന്തര ഹരജി ചൊവ്വാഴ്ച രാത്രി കർണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അശോക് എസ്. കിനാഗിയുടെ ചേംബറിൽ വാദം കേട്ടെങ്കിലും  ഹരജി തള്ളുകയായിരുന്നു. ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശം ഹുബ്ബള്ളി- ധാർവാഡ് മുനിസിപ്പൽ കോർപറേഷനാണെന്നും അൻജുമാനെ ഇസ്‍ലാം വർഷത്തിൽ ഒരു രൂപയെന്ന തോതിൽ 999 വർഷത്തേക്ക് പാട്ടക്കരാറുകാർ മാത്രമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags:    
News Summary - Sri Ram Sena chief Pramod Muthalik called it a historic day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.