പട്ന: ബിഹാർ തലസ്ഥാനമായ പട്നയിൽനിന്ന് ഏതാനും കിലോമീറ്റർ മാറി പാലിഗഞ്ചിലെ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തുന്ന രാഹുൽ ഗാന്ധിയുടെ വിഡിയോ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതിയാണ് ഇവിടെ ഇൻഡ്യ മുന്നണി സ്ഥാനാർഥി.
തിങ്കളാഴ്ച പരിപാടിക്കെത്തിയ രാഹുൽ വേദിയിലേക്ക് പ്രവേശിച്ചപ്പോൾതന്നെ ചെറിയൊരു കുലുക്കം. ആ കുലുക്കത്തിൽ രാഹുലിന്റെ ബാലൻസ് ചെറുതായൊന്ന് തെറ്റി; അപ്പോഴേക്കും തൊട്ടടുത്തുണ്ടായിരുന്ന മിസ ഓടിയെത്തി നേതാവിന്റെ കൈപിടിച്ചു. താൽക്കാലിമായി കെട്ടിയ സ്റ്റേജിന്റെ തൂണിളകിയതായിരുന്നു; വേദിയുടെ ഒരുഭാഗം ചരിഞ്ഞുവീണു. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ രാഹുൽ പുഞ്ചിരിയോടെ അവരെ തടഞ്ഞു. ‘അത്രക്കൊന്നുമില്ലെന്ന്’ ആംഗ്യഭാഷയിൽ പറഞ്ഞു.
പാട്‍ലിപുത്രയിലാണ് മിസ ഭാരതി മത്സരിക്കുന്നത്. മൂന്നാമൂഴം തേടുന്ന രാം കൃപാൽ യാദവാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞ രണ്ടുതവണയും മിസ-കൃപാൽ പോരാട്ടമായിരുന്നു ഇവിടെ. 2014ൽ 40,322 വോട്ടിനും 2019ൽ, 39,321 വോട്ടിനുമാണ് മിസ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.