ചെന്നൈ: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആകെയുണ്ടായിരുന്ന രണ്ടുപവന്‍റെ സ്വർണമാല ഊരി നൽകിയ യുവതിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജോലി വാഗ്ദാനം ചെയ്തു.
സ്റ്റാലിൻ മേറ്റൂർ ഡാം സന്ദർശിക്കാൻ എത്തിയ വേളയിലാണ് ആർ. സൗമ്യ മുഖ്യമന്ത്രിക്ക് സ്വർണമാല നൽകിയത്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദദാരിയായ സൗമ്യ ഇതോടൊപ്പം ഒരു ജോലി അപേക്ഷയായി ഒരു കത്തും സമർപിച്ചിരുന്നു.
മാതാവ് ന്യൂമോണിയ ബാധിച്ച് മരിച്ചതാണെന്നും ആവിൻ മിൽക്കിൽ നിന്നും വിരമിച്ച പിതാവിനൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നതെന്നും കത്തിൽ സൗമ്യ എഴുതി. മാതാവിന്‍റെ ചികിത്സക്കായി അച്ഛൻ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യത്തിൽ നിന്ന് കുടുംബം 13 ലക്ഷത്തിലേറെ രൂപ ചെലവാക്കിയതായും അവർ പറഞ്ഞു. രണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുക കൂടി ചെയ്തതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി.
പിതാവിന്‍റെ 7000 രൂപ പെൻഷനിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഇതിൽ 3000 രൂപ വാടകയായി നൽകണം. ബാക്കിയുള്ള 4000 രൂപ വെച്ചാണ് തങ്ങൾ ഒരുമാസം ജീവിക്കുന്നതെന്നും സൗമ്യ മുഖ്യമന്ത്രിക്ക് എഴുതി. കൈവശം പണമില്ലാത്തതതിനാലാണ് ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നൽകിയത്.
തന്‍റെ അവസ്ഥ പരിഗണിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിലെങ്കിലും ജോലി തരപ്പെടുത്തി നൽകണമെന്നാണ് സൗമ്യ അഭ്യർഥിച്ചത്. കുടുംബത്തിന്‍റെ അവസ്ഥ ബോധ്യമായതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകുമെന്ന് സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.