തിരുവനന്തപുരം: സ്വകാര്യ പരിപാടിക്കിടെ താൻ നടത്തിയ പ്രസ്താവന ചിലർ വളച്ചൊടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. നെഹ്റു-ഗാന്ധി കുടുംബം കോൺഗ്രസിന്‍റെ കരുത്താണെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് കുടുംബാധിപത്യ പാർട്ടിയാണെന്ന തരത്തിലുള്ള തരൂരിന്‍റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
'ഒരു സ്വകാര്യ ചടങ്ങിൽ ഞാൻ നടത്തിയ പ്രസ്താവനയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ്. നെഹ്റു/ഗാന്ധികുടുംബത്തിന്‍റെ ഡി.എൻ.എ കോൺഗ്രസ് പാർട്ടിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. നെഹ്റു കുടുംബമാണ് പാർട്ടിയുടെ കരുത്ത്. ഞാൻ പറയാതെപോയ കാര്യം എന്താണെന്നാൽ, പാർട്ടി പ്രവർത്തകർക്കിടയിൽ ഏത് തിരഞ്ഞെടുപ്പ് നടത്തിയാലും രാഹുൽ ഗാന്ധിക്കാവും പ്രവർത്തകരുടെ പിന്തുണയെന്നതിൽ സംശയമില്ല' -ശശി തരൂർ എക്സിൽ വിശദമാക്കി.
ഇന്ത്യ മുന്നണിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ അല്ലെങ്കിൽ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ ആയിരിക്കും കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുകയെന്ന് ശശി തരൂർ തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെ പറഞ്ഞിരുന്നു. പ്രതിപക്ഷത്ത് കൃത്യമായ സഖ്യം രൂപപ്പെട്ടിരിക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന ഫലമാണ് ഉണ്ടാകാൻ പോകുന്നത്. എൻ.ഡി.എയെ അട്ടിമറിച്ച് ഇൻഡ്യ സഖ്യം അധികാരത്തിലേറും. നമുക്ക് കാത്തിരുന്ന് കാണാം. തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലെ എല്ലാ പാർട്ടികളും ചേർന്നായിരിക്കും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. ഒരു പാർട്ടിക്ക് മാത്രമായി തീരുമാനിക്കാനാവില്ല. ആദ്യത്തെ ദലിത് പ്രധാനമന്ത്രിയെന്ന നിലയിൽ ഖാർഗെ, അല്ലെങ്കിൽ പലവിധത്തിലും കോൺഗ്രസ് ഒരു കുടുംബപാർട്ടിയെന്ന നിലക്ക് രാഹുൽ ഗാന്ധി, ഇവരിലൊരാളായിരിക്കും കോൺഗ്രസിന്‍റെ നാമനിർദേശമെന്നാണ് ഞാൻ കരുതുന്നത് -തരൂർ പറഞ്ഞു.
ഇതിൽ 'കോൺഗ്രസ് ഒരു കുടുംബപാർട്ടി' എന്ന പ്രസ്താവനയാണ് വിവാദമായത്. തുടർന്നാണ് തരൂർ വിശദീകരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.