ബംഗളൂരു: മുസ്‍ലിംകൾക്ക് വോട്ടവകാശം നിഷേധിക്കണമെന്ന ഗുരുതര പ്രസ്താവനയുടെ പേരിൽ വിവാദത്തിലായ വൊക്കലിഗ സന്യാസി കുമാര ചന്ദ്രശേഖരനാഥ സ്വാമി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കർണാടക പൊലീസ്. പ്രസ്താവനയെ ചൊല്ലി കർണാടകയിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുന്നതിനിടെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണാടക പൊലീസ് വൊക്കലിഗ സന്യാസിക്ക് സമൻസ് അയച്ചു.
ഇയാൾക്കെതിരെ നേരത്തേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉപ്പാർപേട്ട് പൊലീസ് ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. സംഘ് പരിവാർ കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് ചൊവ്വാഴ്ച ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ തലവനായ സ്വാമിയുടെ പ്രസ്താവന. ‘രാഷ്ട്രീയക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും മുസ്‍ലിം പ്രീണനത്തിലും ഏർപ്പെടുന്നു. അതിനാൽ, മുസ്‍ലിംകളെ അവരുടെ വോട്ടിങ് അധികാരം വിനിയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണം.
പാകിസ്താനിൽ മുസ്‍ലിം ഭൂരിപക്ഷത്തിനൊഴികെ മറ്റ് മതസ്ഥർക്ക് വോട്ട് ചെയ്യാൻ അധികാരമില്ലെന്നും ഇത് ഇന്ത്യയിൽ അംഗീകരിച്ചാൽ മുസ്‍ലിംകൾ തങ്ങളെത്തന്നെ നിലനിർത്തുമെന്നും രാജ്യത്ത് സമാധാനമുണ്ടാകുമെന്നും’ സ്വാമി പറഞ്ഞിരുന്നു. അതിനിടെ, കുമാര ചന്ദ്രശേഖരനാഥ സ്വാമിക്ക് പിന്തുണയുമായി ബി.ജെ.പി പ്രതിനിധി സംഘം അദ്ദേഹത്തെ സന്ദർശിച്ചു.
പ്രതിപക്ഷ നേതാവ് ആർ. അശോകൻ, മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ സി.എൻ. അശ്വത് നാരായൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി പ്രതിനിധി സംഘം വൊക്കലിഗയെ സന്ദർശിച്ചത്. കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 299 പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ പ്രസ്താവന പ്രകോപനപരവും സമൂഹത്തിലെ സാമുദായിക സൗഹാർദം തകർക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.