ന്യൂഡൽഹി: ഭാര്യയില്ലാത്തയാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുതെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ആര് പ്രധാനമന്ത്രിയായാലും ഭാര്യയില്ലാത്തയാൾ ആ സ്ഥാനത്ത് എത്തരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിൽ ഭാര്യയില്ലാതെ ഒരാൾ താമസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് അടുത്ത തെരഞ്ഞെടുപ്പിൽ 300 സീറ്റ് കിട്ടുമെന്നും ലാലു കൂട്ടിച്ചേർത്തു. അഴിമതിയുടെ കൺവീനറാണ് മോദിയെന്നും അദ്ദേഹം പരിഹസിച്ചു. അജിത് പവാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.
കഴിഞ്ഞ മാസം നടന്ന പ്രതിപക്ഷം പാർട്ടികളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയോട് വിവാഹിതനാവാൻ ലാലു ഉപദേശിച്ചിരുന്നു. ഇപ്പോഴും വൈകിയിട്ടില്ല രാഹുൽ ഉടൻ വിവാഹിതനാവണമെന്നായിരുന്നു ലാലുവിന്റെ ഉപദേശം. രാഹുലിന്റെ വിവാഹത്തിൽ തങ്ങൾക്കും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും ലാലു പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയേയും അദാനിയെ വിമർശിച്ച് അദ്ദേഹം നടത്തി പ്രസംഗത്തേയും ലാലു പുകഴ്ത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.