ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ശശികാന്ത് സെന്തിൽ

ന്യൂഡൽഹി: ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്യവെ, ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും ആദിവാസികൾക്കും വേണ്ടി മുദ്രാവാക്യം മുഴക്കി ശശികാന്ത് സെന്തിൽ. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തിരുവള്ളുവിൽ നിന്നാണ് ശശികാന്ത് സെന്തിൽ കോൺഗ്രസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സെന്തിൽ ഐ.എ.എസ് ഉപേക്ഷിച്ചത്. വൈവിധ്യമാർന്ന ജനാധിപത്യത്തിന്‍റെ അടിസ്ഥാന നിർമാണ ഘടകങ്ങളിൽ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ ആ സ്ഥാനത്ത് തുടരുന്നത് അധാർമികമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് അദ്ദേഹം രാജി നൽകിയത്.

ഇന്ന് ലോക്സഭയിൽ സത്യപ്രതിജ്ഞക്കൊടുവിൽ ‘ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കുമെതിരായ ലജ്ജാകരമായ അതിക്രമങ്ങൾ നിർത്തൂ... ജയ് ഭീം, ജയ് സംവിധാൻ...’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് അദ്ദേഹം നിർത്തിയത്. ബി.ജെ.പി എം.പിമാരുടെ ബഹളത്തിനിടെയാണ് അദ്ദേഹം തന്‍റെ നിലപാട് വിളിച്ചുപറഞ്ഞത്.

ബി.ജെ.പി എം.പിമാരുടെ പ്രതിഷേധത്തെ തുടർന്ന് അതിക്രമങ്ങൾക്കെതിരായ സെന്തിലിന്‍റെ വാക്കുകൾ രേഖകളിൽ ചേർക്കില്ലെന്ന് പ്രോ ടേം സ്പീക്കർ പറഞ്ഞു.

2020ലാണ് സെന്തിൽ കോൺഗ്രസിൽ ചേർന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈയെ രണ്ടു ലക്ഷത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Tags:    
News Summary - Stop atrocities on minorities says ex-IAS officer after taking oath as MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.