ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോവിഡ് 19െൻറ മൂന്നാംതരംഗത്തെ നേരിടാൻ നടത്തുന്ന മുന്നൊരുക്കങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഉത്തരാഖണ്ഡ് ഹൈകോടതി. ഡെൽറ്റ പ്ലസ് വകഭേദത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ നിർദേശം നൽകുകയും ചെയ്തു.
ഉത്തരാഖണ്ഡ് സർക്കാരിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതു താൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ചീഫ് ജസ്റ്റിസ് ആർ.എസ്. ചൗഹാനും ജസ്റ്റിസ് അലോക് കുമാർ വർമയുമാണ് ഹരജി പരിഗണിച്ചത്. നിങ്ങൾക്ക് കുട്ടികളെ മരണത്തിന് നൽകാൻ കഴിയില്ല, നിങ്ങളുടെ ക്രമീകരണങ്ങൾ പര്യാപ്തമല്ലെന്നും കോടതി ആരോഗ്യ സെക്രട്ടറി അമിത് ത്യാഗിയോട് പറഞ്ഞു.
'ഡെൽറ്റ വകഭേദം മൂന്നുമാസം കൊണ്ടാണ് രാജ്യമെമ്പാടും വ്യാപിച്ചത്. ഡെൽറ്റ പ്ലസ് വകഭേദത്തിന് ഒരു മാസം പോലും വേണ്ടിവന്നില്ല. നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾ എന്തുചെയ്തു? ആദ്യം സർക്കാർ മുന്നൊരുക്കങ്ങൾ നടത്തേട്ടയെന്നും ശേഷം ആക്രമിക്കാമെന്നും ഡെൽറ്റ പ്ലസ് വൈറസ് ചിന്തിക്കില്ലെന്ന് നിങ്ങൾ ചിന്തിക്കണം. യാഥാർഥ്യം അറിയുന്നതിനാൽ ഞങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണം. ഉത്തരാഖണ്ഡിൽ രാമരാജ്യമുണ്ടെന്നും അവിടെയാണ് നമ്മൾ ജീവിക്കുന്നതെന്നും ചീഫ് ജസ്റ്റിസിനോട് പറയരുത് -സുപ്രീംകോടതി പറഞ്ഞു.
പകർച്ചവ്യാധി സമയത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെങ്കിലും പ്രവർത്തനങ്ങൾ ബ്യൂറോക്രാറ്റുകൾ വൈകിപ്പിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. കൂടാതെ മതിയായ ആംബുലൻസ് സൗകര്യമുണ്ടെന്ന സർക്കാർ അവകാശ വാദത്തെയും കോടതി ചോദ്യം ചെയ്തു. 'നിങ്ങൾക്ക് മതിയായ ആംബുലൻസ് സൗകര്യമുണ്ട് എന്ന അവകാശവാദം തെറ്റാണ്. കുന്നുകളിലെ ഗർഭിണികൾക്ക് ആംബുലൻസ് ലഭിക്കുന്നില്ലെന്ന് നിരന്തരം റിപ്പോർട്ടുകൾ വന്നുകൊണ്ടേയിരിക്കുന്നു. അവരെ പല്ലക്കിൽ ചുമക്കേണ്ടിവരുന്നു -കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.