മുംബൈ: ഹിജാബ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ പെൺകുട്ടികളെ ലക്ഷ്യമാക്കിയുള്ള വിമർശനങ്ങളെ അപലപിച്ചുകൊണ്ട് മിസ് യൂണിവേഴ്സ് ഹർനാസ് സന്ധു. പെൺകുട്ടികളെ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് സന്ധു ആവശ്യപ്പെട്ടു.
2021ലെ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ഹിജാബ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് മാധ്യമപ്രവർത്തകൻ സന്ധുവിനോട് ആവശ്യപ്പെട്ടത്. ചോദ്യത്തോട് സന്ധു പ്രതികരിക്കുന്നതിന് മുൻപുതന്നെ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കരുതെന്നും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന സന്ധുവിന്‍റെ യാത്രയെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.
എന്നാൽ ഇക്കാര്യം 'ഹർനാസ് തന്നെ പറയട്ടെ' എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ നിലപാട്. ഇതോടെ ഹർനാസ് ക്ഷുഭിതയായി മറുപടി പറയുകയായിരുന്നു.
'എന്തുകൊണ്ടാണ് എപ്പോഴും നിങ്ങൾ പെൺകുട്ടികളെ മാത്രം ഉന്നം വെക്കുന്നത്? ഇപ്പോൾ നിങ്ങളുടെ ലക്ഷ്യം ഞാനാണ്. ഹിജാബിന്‍റെ വിഷയത്തിൽ പോലും പെൺകുട്ടികളെയാണ് നിങ്ങൾ ലക്ഷ്യം വെക്കുന്നത്. പെൺകുട്ടികൾ അവരാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കട്ടെ. അവരുടെ ലക്ഷ്യത്തിലെത്തട്ടെ. അവരെ പറക്കാൻ അനുവദിക്കൂ. അവരുടെ ചിറകുകൾ മുറിച്ചുമാറ്റാതിരിക്കൂ. ആരുടെയങ്കിലും ചിറകുകൾ മുറിച്ചുമാറ്റണമെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം ചിറകുകകൾ മുറിച്ചുമാറ്റിയാൽ മതി.'- സന്ധു പറഞ്ഞു.
അതിനുശേഷം തന്‍റെ ജീവിതത്തിൽ താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കണമെന്ന് അവർ മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.