കാമെഗൗഡ താൻ കുഴിച്ച കുളത്തിന്​ സമീപം

കാമെഗൗഡ; ജലസ്രോതസുകളുണ്ടാക്കി പച്ചപ്പ്​ തിരിച്ചുപിടിച്ച ഒറ്റയാൻ

ബംഗളൂരു: ​മൈസൂരു മാണ്ഡ്യയിലെ സാധാരണ ആട്ടിടയനായിരുന്നു 'കെരെ കാമെഗൗഡ' എന്ന കാമെഗൗഡ. പള്ളിക്കൂടത്തിലൊന്നും പോയിട്ടില്ല, അതിനാൽ ഒൗപചാരിക വിദ്യഭ്യാസം ഒട്ടുമേ ഇല്ല. എന്നാൽ കണ്ണുകൾ തുറന്ന്​ ചുറ്റുമുള്ള ഭൂമിയെ അയാൾ കണ്ടു. ജലസ്രോതസുകൾ ഇല്ലാതാകുന്നത് വരൾച്ചക്ക്​ ആക്കം കൂട്ടുമെന്ന്​ തിരിച്ചറിഞ്ഞു.​ വരൾച്ച ഇല്ലാതാക്കാൻ സ്വന്തമായി അയാൾ നീരുറവകൾ തന്നെ സൃഷ്​ടിച്ചു. ഒന്നും രണ്ടുമല്ല, 42 വര്‍ഷത്തെ അധ്വാനത്തിലൂടെ പിറന്നത്​ 16 കുളങ്ങള്‍. കഴിഞ്ഞ ദിവസം 82ാം വയസിൽ അദ്ദേഹം വിടവാങ്ങിയെങ്കിലും ആ നീരുറവകൾ മനുഷ്യനും ജന്തുജാലങ്ങൾക്കുമായി ജീവജലം നൽകിക്കൊണ്ടേയിരിക്കുകയാണ്​. മാണ്ഡ്യയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമത്തിലെ കുന്‍ദൂരു മലയായിരുന്നു കാമെഗൗഡയുടെ പ്രവര്‍ത്തനമണ്ഡലം.

നാലുപതിറ്റാണ്ടുമുമ്പ് വരണ്ട പ്രദേശമായിരുന്നു ഇവിടം. സസ്യസമ്പത്ത് വളരെക്കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. മഴ പെയ്താല്‍ വെള്ളം മലയില്‍നിന്ന് താഴേക്ക് ഒഴുകിപ്പോവുകയോ ബാഷ്പീകരിച്ചുപോവുകയോ ചെയ്യും. ഇതോടെയാണ്​ മലയിൽ കുളങ്ങള്‍ നിര്‍മിക്കാന്‍ കാമെഗൗഡ തീരുമാനിക്കുന്നത്. ആരും സഹായത്തിനെത്തിയി​െല്ലങ്കിലും പിൻമാറിയില്ല. തരിശ് ഭൂമിയില്‍ അദ്ദേഹം കുളങ്ങള്‍ കുഴിക്കാന്‍ ആരംഭിച്ചപ്പോള്‍ മറ്റുള്ളവർ കളിയാക്കി. കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രമായിരുന്നു കൈമുതല്‍.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ യാതൊരു പിന്തുണയുമില്ലാതെയാണ്​ ഈ പ്രവർത്തനങ്ങൾ നടത്തിയത്​ എന്നതും വ്യത്യസ്തനാക്കി. കാലത്ത്​ തന്നെ ആയുധങ്ങള​ുമെടുത്ത്​ കുൻദൂരു മലയിൽ എത്തി ചെറുകുളങ്ങൾ കുഴിച്ചു. നീറുവ പൊട്ടി അവിടെ വെള്ളം കെട്ടിനിന്നു. മഴ പെയ്യുമ്പോൾ വെള്ളം കുത്തിയൊലിച്ച്​ പാഴാകുന്നത്​ കുറഞ്ഞു. അതോടെ മലക്ക്​ ജീവൻവെച്ചു, പിന്നെയവിടം പച്ചപ്പ്​ തുടിച്ചു. കുളങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം മലയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. മലയിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കുളങ്ങള്‍ എപ്പോഴും ജീവനേകുകയാണ്​.

കാമെഗൗഡ ആടുകൾക്കൊപ്പം

പ്രകൃതി സംരക്ഷണമേഖലയിലെ പ്രവർത്തനം അദ്ദേഹത്തെ പ്രശസ്തനാക്കി. 'കുന്‍ദൂരു മലയില്‍ ആടുകളെ മേയ്ക്കാന്‍ പോയ ഞാന്‍ ക്ഷീണിതനായി. വെള്ളത്തിനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, ദീര്‍ഘദൂരം നടന്ന് ഒരു വീട്ടില്‍ നിന്ന് വെള്ളം കുടിച്ചാണ് ദാഹമകറ്റിയത്. ഒരു മനുഷ്യന് ദാഹജലം കിട്ടാന്‍ ധാരാളം സാധ്യതയുണ്ട്. എന്നാല്‍ വന്യജീവികളും പക്ഷികളും എങ്ങനെ ദാഹം ശമിപ്പിക്കും?', കുളങ്ങള്‍ കുഴിക്കാന്‍ ആരംഭിച്ചതിനേക്കുറിച്ച് പിന്നീട്​ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍കി ബാത്തില്‍' പരാമര്‍ശിച്ചതോടെയാണ് കാമെഗൗഡ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്. 'അസാധാരണമായ വ്യക്തിത്വമുള്ള ഒരു സാധാരണക്കാരനാണ് കാമെഗൗഡ'എന്നായിരുന്നു​ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

2020ൽ മടിക്കേരി ആകാശവാണി നിലയം 'കൃഷിരംഗം' പരിപാടിയില്‍ കാമെഗൗഡയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംപ്രേഷണം ചെയ്തിരുന്നു. കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ഡി. രമാഭായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, എം. ഗോപിനാഥ് ഷേണായി ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന്​ ലഭിച്ചു. രണ്ടുവര്‍ഷംമുമ്പ് കര്‍ണാടക ആര്‍.ടി.സി. ആജീവനാന്ത സൗജന്യ യാത്രപാസ് നല്‍കിയിരുന്നു.

പ്രായാധിക്യം കാരണമുള്ള ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഭാര്യയും രണ്ടുമക്കളുമുണ്ട്. വിയോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുശോചിച്ചു.

Tags:    
News Summary - story of Kamegowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.