ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍’ എന്ന സംഘടന സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ കണ്ണൂർ ജില്ല പഞ്ചായത്ത് സുപ്രീംകോടതിയിൽ. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കള്ളസത്യവാങ്മൂലം ഫയൽ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ ജില്ല പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്.
‘ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മോളി’ന്റെ മാനേജിങ് ട്രസ്റ്റിയാണ് അഞ്ജലി ഗോപാലൻ. പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ദൃശ്യങ്ങൾ കേരളത്തിലുള്ളതാണെന്ന വ്യാജേന വിദ്വേഷ പ്രചാരണം നടത്തുന്നവർ പങ്കുവെച്ച ദൃശ്യങ്ങളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേരളത്തെ ലോകവ്യാപകമായി ബഹിഷ്കരിക്കുക എന്ന ഹാഷ് ടാഗിലാണ് വിദ്വേഷ പ്രചാരണമെന്നും കണ്ണൂർ ജില്ല പഞ്ചായത്ത് വ്യക്തമാക്കി. കേരളത്തില്‍ ബാക്കിയുള്ളത് 6,000 തെരുവുനായ്ക്കൾ മാത്രമാണെന്നും ബാക്കിയെല്ലാത്തിനെയും കൊന്നെന്നും സംഘടന കഴിഞ്ഞ ദിവസം സമർപ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്കിയ ഹരജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കാത്തതോടെയാണ് കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല നടത്താന്‍ തുടങ്ങിയതെന്നും ഇവർ പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.