കർണാടകയിൽ പ്രവേശിക്കാൻ കേരളക്കാർക്ക്​ കർശന പരിശോധന; മഹാരാഷ്​​ട്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് മതി

ബംഗളൂരു: മഹാരാഷ്​​ട്രയിൽനിന്നും കർണാടകയിലേക്ക് വരുന്നവർ വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിൽനിന്നുള്ളവരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു. നേരത്തെ കേരളത്തിൽനിന്നും വരുന്നവർക്കും വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്ന രീതിയിൽ ഇളവ് നൽകുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും കേരളത്തോട് ചേർന്നുള്ള കർണാടകയിലെ അതിർത്തി ജില്ലകളിൽ കഴിഞ്ഞ ദിവസം മുതൽ പരിശോധന കർശനമാക്കുകയായിരുന്നു.

കുടക്, ചാമരാജ്നഗർ, ദക്ഷിണ കന്നട ജില്ലകളിലെ കേരള അതിർത്തിയിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് പ്രവേശിപ്പിക്കുന്നത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ സാമ്പിൾ ശേഖരിക്കാനുള്ള സൗകര്യം ഉൾപ്പെടെ പലയിടത്തും ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അതിർത്തികളിൽ പരിശോധന കർശനമാക്കാനുള്ള സർക്കാരിെൻറ നിർദേശ പ്രകാരമാണ് നടപടികളെന്നാണ് അതാത് ജില്ല ഭരണകൂടങ്ങളുടെ വിശദീകരണം. അതേസമയം, മഹാരാഷ്​​ട്രയിലെ നിലവിലെ സാഹചര്യം തൃപ്തികരമായതിനാലാണ് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റോ കാണിച്ചാൽ മതിയെന്ന് ഉത്തരവിറക്കിയതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് ഒൗദ്യോഗിക ഉത്തരവിറക്കിയത്. കേരളത്തിൽ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുറയാത്തതാണ് ഇപ്പോഴും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിബന്ധന കർശനമായി നടപ്പാക്കുന്നതെന്നാണ് വിവരം. കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്ന മുൻ മാർഗനിർദേശമാണ് ഇപ്പോൾ വീണ്ടും കർശനമായി നടപ്പാക്കി തുടങ്ങിയത്. കേരളത്തിൽനിന്നുള്ളവർക്കുള്ള യാത്ര മാർഗനിർദേശത്തിൽ കൂടുതൽ വ്യക്തത വരുത്തി കർണാടക സർക്കാർ ഉത്തരവിറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ചാമരാജ് നഗറിലെ മൂലഹോളെ, കുടക് അതിർത്തിയിലെ മാക്കൂട്ടം, ദക്ഷിണ കന്നടയിലെ തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന നടക്കുന്നുണ്ട്. അതേസമയം, വാളയാർ അതിർത്തിയിലൂടെ സേലം വഴി ബംഗളൂരുവിലേക്ക് ഉൾപ്പെടെ വരുന്നവർക്ക് കാര്യമായ പരിശോധനയില്ല. മഹാരാഷ്​​ട്രയിൽനിന്ന് കർണാടകയിലേക്ക് വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ എത്തുന്നവർക്കാണ് പുതുക്കിയ ഉത്തരവ് ബാധകമാകുക. ഇതുസംബന്ധിച്ച നിർദേശം വിമാന കമ്പനികൾക്കും റെയിൽവെ അധികൃതർക്കും സർക്കാർ നൽകി. ബസിൽ യാത്ര ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റ് കണ്ടക്ടർമാർ പരിശോധിക്കും.

മഹാരാഷ്​​ട്രയുമായി അതിർത്തി പങ്കിടുന്ന ബെളഗാവി, ബീദർ, വിജയപുര, കലബുറഗി ജില്ലകളിലെ ചെക്ക്പോസ്​റ്റുകളിൽ പരിശോധന നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തി. ആരോഗ്യപ്രവർത്തകർക്കും ഭരണഘടന പദവി വഹിക്കുന്നവർക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്കും ഉത്തരവ് ബാധകമായിരിക്കില്ല. ചികിത്സ, മരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവരുടെ സാമ്പിൾ സംസ്ഥാനത്ത് എത്തിയശേഷം ശേഖരിക്കും.

Tags:    
News Summary - Strict check for Keralites to enter Karnataka; Vaccine certificate is enough for Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.