ലഖ്നോ: യു.പിയിൽ ലവ് ജിഹാദ് തടയാൻ ശക്തമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വത്വം മറച്ചുവെച്ച് ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനത്തിനുമേൽ കളിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും യോഗി പറഞ്ഞു. വിവാഹത്തിന് മാത്രമായുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് യോഗിയുടെ പരാമർശം.
ലവ് ജിഹാദ് ഇല്ലാതാക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകും. അത്തരക്കാർക്ക് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. നിങ്ങളുടെ വഴികൾ മാറ്റിയില്ലെങ്കിൽ 'രാം നാം സത്യ'യിലേക്കുള്ള (ഹിന്ദു സംസ്കാര ചടങ്ങിലെ മന്ത്രം) യാത്രയുടെ ആരംഭമായിരിക്കും. സഹോദരിമാരുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും. അതിനായി ഏതറ്റം വരെയും പോകുമെന്നും ജുവാൻപൂരിൽ നടന്ന റാലിയിൽ യോഗി പറഞ്ഞു. എട്ട് നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായാണ് യോഗി എത്തിയത്.
വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. വിവാഹത്തിനായി മതം മാറിയതിനെ തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മുസ്ലിമായിരുന്ന യുവതി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹരജി തള്ളിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.