ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഹന്ദ്വാരയിലും പുൽവാമയിലും പ്രതിഷേധക്കാരായ വിദ്യാർഥികളും സുരക്ഷസേനയും ഏറ്റുമുട്ടി. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സുരക്ഷസേനയുടെ അതിക്രമങ്ങൾക്കെതിരെയെന്ന പേരിൽ പുൽവാമ ജില്ലയിലെ നെവയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്. കല്ലെറിഞ്ഞവർക്കുനേരെ കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്യുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. കുപ്വാരയിലെ ഹന്ദ്വാരയിൽ ഗവ. കോളജ് വിദ്യാർഥികളാണ് സമാനവിഷയവുമായി പ്രതിഷേധം സംഘടിപ്പിച്ചത്.
കഴിഞ്ഞമാസം 15ന് പുൽവാമയിലെ ഡിഗ്രി കോളജിൽ പൊലീസ് നടത്തിയ റെയ്ഡിനുശേഷം സുരക്ഷസേന അതിരുവിടുന്നതിനെതിരെ വിദ്യാർഥികൾ സംസ്ഥാനത്തുടനീളം നിരന്തരപ്രക്ഷോഭത്തിലാണ്. പ്രശ്നം രൂക്ഷമായതോടെ കഴിഞ്ഞ മാസാവസാനം ഒരാഴ്ച ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇന്നലെയും പ്രതിഷേധം നടന്നത്.
അതിനിടെ, തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചെകോര, ഹാജിപുര ഗ്രാമങ്ങളിൽ നടത്തിയ റെയ്ഡിനിടെയാണ് അഖീൽ അഹ്മദ് മല്ല, ആസിഫ് അബ്ദുല്ല വഗായ്, ആമിർ ഹുസൈൻ ഗനായ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. മൂന്നു ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ജമ്മു-കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ കംഗൻ മേഖലയിലെ കനാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രാങ് സ്വദേശി, 30 വയസ്സുകാരിയായ ഷസിയ ബാനുവിെൻറ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാരോപിച്ച് നാട്ടുകാർ ഗന്ദർബാൽ-സോനാമാർഗ് പാത ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.