ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി), കോളജ് അധ്യാപക, ജൂനിയർ റിസർച്ച് ഫെലോഷിപ് യോഗ്യത പരീക്ഷ (യു.ജി.സി-നെറ്റ്) ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ദേശീയ പരീക്ഷ ഏജൻസിയെ (എൻ.ടി.എ) ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു.
വ്യാഴാഴ്ച ഡൽഹിയിൽ കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു, ഇടത് വിദ്യാർഥി സംഘടനകളായ എസ്.എഫ്.ഐ, ഐസ, കെ.വൈ.എസ് തുടങ്ങിയവർ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിതി ചെയ്യുന്ന ശാസ്ത്രി ഭവനിലേക്ക് പ്രതിഷേധവുമായി എത്തി. എൻ.എസ്.യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർഥികൾ ശാസ്ത്രി ഭവന് മുന്നിൽ നോട്ടിന് മാതൃകയിലുള്ള പേപ്പറുകൾ വാരി വിതറി. ഇവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നിക്കി.
നെറ്റ് പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ്, ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ഇവിടേക്ക് എത്തുന്നത്. ഗേറ്റിന് മുമ്പിൽവരെ എത്തിയ വിദ്യാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മറ്റു വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്ന് മുദ്രവാക്യം വിളിച്ചു. ലഖ്നോ, പട്ന, ജയ്പൂർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും വിദ്യാർഥികൾ തെരുവിലിറങ്ങി. വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസും തിങ്കളാഴ്ച പാർലമെന്റ് ഉപരോധത്തിന് എൻ.എസ്.യുവും ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.