ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും താനുണ്ടാക്കിയ ഭക്ഷണം കഴിച്ചാൽ ഗ്രാമത്തിൽ നിന്ന് ഭ്രഷ്ട് കൽപിക്കപ്പെട്ടേക്കാമെന്ന് കുട്ടികൾക്ക് മാതാപിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും യുവതി പറഞ്ഞു. 11 കുട്ടികൾക്കാണ് സ്കൂളിൽ പ്രഭാതഭക്ഷണം നൽകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ ഒമ്പതോളം വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായാണ് റിപ്പോർട്ട്.
വിവരം പുറത്തുവന്നതിന് പിന്നാലെ കനിമൊഴി എം.പി, സാമൂഹിക ക്ഷേമ, വനിതാവകാശ വകുപ്പ് മന്ത്രി പി. ഗീതാ ജീവൻ, ജില്ലാ കലക്ടർ കെ. സെന്തിൽരാജ് തുടങ്ങിയവർ സ്കൂളിലെത്തി വിദ്യാർഥികളുമായും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. വിദ്യാർഥികൾക്കൊപ്പം സ്കൂളിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട് കാരൂരിലെ സ്കൂളിലും ദലിത് യുവതിയുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വിദ്യാർഥികൾ വിസമ്മതിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജില്ലാ കലക്ടർ മാതാപിതാക്കളുമായി സംസാരിച്ച ശേഷമാണ് പ്രശ്നപരിഹാരമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.