ന്യൂഡൽഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് പുറത്തായ പ്രമുഖരാണ് സുബ്രഹ്മണ്യൻ സ്വാമി, മനേക ഗാന്ധി, വരുൺ ഗാന്ധി എന്നിവർ. വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ സമിതിയിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. ബി.ജെ.പിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾകൊണ്ട് പുറംതിരിഞ്ഞുനിന്ന് വിമർശനങ്ങൾ ഉന്നയിച്ചവരാണ് മൂന്നുപേരും.
നിർവാഹക സമിതിയിൽ നിന്ന് പേരുവെട്ടിയതിന് പിന്നാലെ ട്വിറ്ററിൽ ബയോ തിരുത്തിയിരിക്കുകയാണ് രാജ്യസഭ എം.പി കൂടിയായ സുബ്രഹ്മണ്യൻ സ്വാമി. 'ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം' എന്നത് ട്വിറ്റർ പ്രൊൈഫലിൽനിന്ന് ഒഴിവാക്കുകയായിരുന്നു അദ്ദേഹം. ഇതോടെ ബി.ജെ.പിയുമായി ബന്ധപ്പെട്ട യാതൊരു സ്ഥാനമാനങ്ങളും സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വിറ്റർ പ്രൊഫൈലിൽ ഇല്ല. അതേസമയം രാജ്യസഭ എം.പി, മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി, ഹാർവാർഡ് പി.എച്ച്.ഡി ഇൻ ഇക്കണോമിക്സ്; പ്രഫസർ തുടങ്ങിയവ ബയോയിൽ കാണാം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളിലെ പ്രധാന വിമർശകരിൽ ഒരാളാണ് സുബ്രഹ്മണ്യൻ സ്വാമി. കൂടാതെ മോദി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ആർ.എസ്.എസുമായി അടുപ്പം പുലർത്തുന്ന സ്വാമി പാർട്ടിയെ ചില സമയങ്ങളിൽ പ്രതിരോധത്തിലാക്കിയിരുന്നു.
ലഖിംപൂർ ഖേരി ആക്രമണത്തിൽ ഉൾപ്പെടെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർത്തിയ വരുൺഗാന്ധിയാണ് നിർവാഹക സമിതിയിൽനിന്ന് പുറത്തായ മറ്റൊരു നേതാവ്. മാതാവ് മനേക ഗാന്ധിയെയും നിർവാഹക സമിതിയിൽനിന്ന് ബി.ജെ.പി ഒഴിവാക്കിയിട്ടുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്, പ്രഹ്ലാദ് പേട്ടൽ, സുരേഷ് പ്രഭു, ദുശ്യന്ത് സിങ്, വിജയ് ഗോയൽ, വിനയ് കത്തിയാർ, എസ്.എസ്. അലുവാലിയ എന്നിവരും പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. 80 പേർ അടങ്ങിയതാണ് ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.