ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. സുൽത്താ ൻ മോദിയുടെ അടിമ രാജവംശം ലോകത്തെ മറ്റേതൊരു കുടുംബവാഴ്ചയെക്കാളും മോശമായതാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല.
റാണിമാരുടെ ഗർഭപാത്രത്തിൽനിന്നല്ലാതെ ബാലറ്റ് ബോക്സിൽനിന്നും ജനാധിപത്യകാലത്ത് രാജാക്കന്മാർ ജനിക്കുന്നു. ഇന്ത്യയുൾപ്പെടെ പല ജനാധിപത്യ രാജ്യങ്ങളിലും രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന് നെഹ്റു-ഗാന്ധി കുടുംബമാണ്. നാലു തലമുറകൾ ഭരിച്ചശേഷം അഞ്ചാം തലമുറ ഇപ്പോൾ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നു. ഈ വംശവാഴ്ചക്കെതിരെ പോരാടിയ ആൾ ഇപ്പോൾ അടിമാധിപത്യം തുടങ്ങുന്നത് അത്ഭുതമാണ്.
ആഭ്യന്തര ജനാധിപത്യം നിലനിൽക്കുന്ന പാർട്ടിയാണെന്ന് സ്വയം അഭിമാനിക്കുന്ന ബി.ജെ.പിയിലെ സ്ഥിതി എന്താണ്? ബി.ജെ.പിയിൽ വർഷങ്ങളോളം ചെലവഴിച്ച തനിക്ക് അതിലെ പൊള്ളത്തരം തിരിച്ചറിയാം. ആർ.എസ്.എസിലെയും ബി.ജെ.പിയിലെയും ചെറിയൊരു സംഘം പാർട്ടിയുടെ സംസ്ഥാന-ദേശീയ നേതാക്കളെ നേരത്തേ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണ്.
ഒരിക്കൽ ഇതൊന്ന് പൊളിക്കണമെന്ന് തീരുമാനിച്ചു. നിതിൻ ഗഡ്കരിയെ വീണ്ടും ദേശീയ പ്രസിഡൻറാക്കാനായിരുന്നു സംഘത്തിെൻറ നീക്കം. ഇതറിഞ്ഞ ഞാൻ മത്സരിക്കാൻ തീരുമാനിച്ചു. നാമനിർദേശപത്രിക വാങ്ങി. ഈ വിവരം മാധ്യമങ്ങളിൽ വന്നപ്പോൾ ഇവർ അടവുമാറ്റി. ഗഡ്കരിക്കു പകരം രാജ്നാഥ് സിങ്ങിനെ സ്ഥാനാർഥിയാക്കി. തെൻറ ലക്ഷ്യം നടന്നതോടെ താൻ പിൻവാങ്ങി. രാജ്നാഥ് സിങ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
സർക്കാറിലും പാർട്ടിയിലും ഏറ്റവും ശക്തനായ ഒരാളുടെ ഉയർച്ചയോടെ ബി.ജെ.പിയുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിയിലും ഇതാണ് സ്ഥിതി. പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നില്ല. എന്നിട്ടും പാർട്ടി അദ്ദേഹത്തെ വിട്ടയക്കില്ല. ഇതു തുടരുന്നിടത്തോളം കാലം മോദി പൂർണമായും സുരക്ഷിതനാണ്. ബി.ജെ.പി അടിമകളുടെ പാർട്ടിയായി മാറിയിരിക്കുന്നു. താമസിയാതെ പാർട്ടി പൂർണമായും മോദിയുടെ മുമ്പാകെ കീഴടങ്ങി. ഒരു സുൽത്താനും ഒരു കൂട്ടം അടിമകളും. അതാണ് ഇന്നത്തെ ഘടന. പ്രതിഷേധത്തിന് ഇടമില്ല. പ്രതിഷേധക്കാരെ രാജ്യദ്രോഹിയാക്കുന്നു. നാസി ജർമനിയിൽ അതാണ് സംഭവിച്ചത്. ഒരാളുടെ ഭ്രാന്ത് മനസ്സിലാക്കാം, എന്നാൽ, ഒരു രാജ്യത്തിനു മുഴുവൻ ഭ്രാന്തായാൽ എന്തുചെയ്യും. ആ അവസ്ഥയിലാണ് ഇന്ത്യയെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.