ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണത്തിൽ പുതിയ സംശയങ്ങൾ ഉയർത്തി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ചാനൽ. ഡൽഹിയിലെ ലീല പാലസ് ഹോട്ടലിലാണ് ശശി തരൂർ എം.പിയുടെ ഭാര്യയെ മൂന്നു വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേക്കുറിച്ച ദുരൂഹതകൾ ഇനിയും ബാക്കി നിൽക്കേ, മൃതദേഹം 307ാം നമ്പർ മുറിയിൽനിന്ന് 345ാം നമ്പർ മുറിയിലേക്ക് മാറ്റിയെന്ന ആരോപണമാണ് 19 ഒാഡിയോ ടേപ് സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് ടി.വി ചാനൽ ഉന്നയിച്ചത്.
ടി.വി ചാനൽ പ്രവർത്തകയായ പ്രേമ ശ്രീദേവിയും ശശി തരൂരിെൻറ സഹായിയായ നാരായണനുമായി മരണ ദിവസം പലവട്ടം നടന്ന സംഭാഷണങ്ങൾ ചാനൽ പുറത്തുവിട്ടു. അതിലൂടെ അർണബ് ഉന്നയിക്കുന്ന വിഷയങ്ങൾ പലതാണ്. മുറി മാറ്റിയത് ദുരൂഹമാണ്. എ.െഎ.സി.സി സമ്മേളനത്തിനിടയിൽനിന്ന് തരൂർ ഹോട്ടലിൽ പലവട്ടം എത്തിയിരുന്നു. നാരായണനെ സ്ഥലത്തു നിന്ന് മാറ്റി. പത്രസമ്മേളനം നടത്താൻ നേരത്തെ താൽപര്യപ്പെട്ട സുനന്ദയെ അതിൽനിന്ന് വിലക്കി. സുനന്ദ 12 മണിക്കൂർ ഉറങ്ങിയെന്ന പ്രചാരണമാണ് നടത്തിയത് -ചാനൽ പറയുന്നു. സുനന്ദയുമായി അടുപ്പമുള്ള മാധ്യമപ്രവർത്തകയാണ് പ്രേമ ശ്രീദേവി. മരണം നടന്ന ദിവസവും തലേന്നും തന്നോട് സംസാരിക്കാൻ താൽപര്യപ്പെടുന്നുവെന്നും വാർത്തസമ്മേളനം വിളിക്കാൻ ഉദ്ദേശിക്കുന്നുവെന്നും സുനന്ദ മെസേജ് അയച്ചതായി പ്രേമ പറയുന്നു.
ഇതേതുടർന്നാണ് ഹോട്ടലിലേക്ക് പലവട്ടം പ്രേമ വിളിച്ച് നാരായണനുമായി സംസാരിച്ചത്. 2014 ജനുവരി 17നാണ് സുനന്ദയുടെ മരണം. തലേന്നു രാത്രി ശശി തരൂരും സുനന്ദയുമായി വഴക്കിട്ടതായും സംഭാഷണങ്ങളിൽ നാരായണൻ സൂചിപ്പിച്ചു. എന്നാൽ, ഇൗ സംഭാഷണങ്ങൾ സംഭവഗതിയുടെ വ്യക്തമായ ചിത്രമൊന്നും നൽകുന്നില്ല. കൂടിക്കാഴ്ച അനുവദിക്കാൻ കഴിയാത്ത ചുറ്റുപാടിനെക്കുറിച്ചാണ് പലപ്പോഴായുള്ള സംഭാഷണങ്ങളിൽ വിശദീകരിക്കുന്നത്. സുനന്ദ ഉറങ്ങുകയാണെന്നും, മാധ്യമ പ്രവർത്തകയുമായി തരൂർ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും നാരായണൻ പറയുന്നുണ്ട്. മുറിയുടെ നമ്പർ മാറിയതെങ്ങനെയെന്ന കാര്യം അവ്യക്തം. ചാനൽ വാർത്തയെക്കുറിച്ച് ശശി തരൂർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.