ന്യൂഡൽഹി: സുപ്രധാന പാര്‍ലമെന്‍ററി സമിതികളുടെയൊന്നും അധ്യക്ഷസ്ഥാനം പ്രതിപക്ഷത്തിന് നൽകാതെ പുനഃസംഘടിപ്പിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് കോൺഗ്രസ് എം.പിയായ ശശി തരൂരിനെയും ആഭ്യന്തര പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് എം.പി മനു സിങ്‌വിയെയും ആരോഗ്യ-കുടുംബ ക്ഷേമ സമിതി അധ്യക്ഷസ്ഥാനത്തുനിന്നു സമാജ് വാദി പാര്‍ട്ടി എം.പി രാംഗോപാല്‍ യാദവിനെയും മാറ്റി ബി.ജെ.പിയുടെയും സഖ്യ കക്ഷികളുടെയും അംഗങ്ങളെയും നിയമിച്ച് ചൊവ്വാഴ്ച ഉത്തരവിറങ്ങി.
ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ അധ്യക്ഷനായി കോൺഗ്രസിന്‍റെ ജയറാം രമേശ് തുടരും. കോണ്‍ഗ്രസിന് നിലവിലുള്ള ഏക പാര്‍ലമെന്ററി സമിതി അധ്യക്ഷ പദവിയാണിത്. പുനഃസംഘടനയിൽ ബി.ജെ.പി നേതാക്കള്‍ തലപ്പത്തുള്ള സമിതികളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ വിദേശകാര്യ, ധനകാര്യ സമിതികളുടെ അധ്യക്ഷസ്ഥാനം കോൺഗ്രസിന് നഷ്ടമായിരുന്നു. ആഭ്യന്തരം, ധനകാര്യം, ഐ.ടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം തുടങ്ങിയ ആറ് സുപ്രധാന സമിതികളുടെ അധ്യക്ഷസ്ഥാനം മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് പ്രതിപക്ഷത്തിന് നഷ്ടമാവുന്നത്.
തരൂരിന് പകരം ശിവസേന ഷിന്‍ഡെ വിഭാഗത്തിലെ അംഗമായ പ്രതാപ്‌റാവു ജാദവ് എം.പിയാണ് പുതിയ ഇൻഫർമേഷൻ ടെക്‌നോളജി സമിതി ചെയർമാൻ. ഐ.ടി വിഷയങ്ങളുമായി ബന്ധപ്പെട്ട് തരൂരിന്‍റെ നിരവധി ഇടപെടലുകൾ കേന്ദ്ര സർക്കാറിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തരൂരിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐ.ടി സമിതിയിലെ അംഗമായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പലതവണ ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നൽകുകയുണ്ടായി. രണ്ടാം കോവിഡ് തരംഗത്തിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് കാണിച്ച് ആരോഗ്യ, കുടുംബക്ഷേമ സമിതി റിപ്പോർട്ട് സഭയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമിതി ചെയർമാൻ സ്ഥാനത്തുനിന്നും രാം ഗോപാൽ യാദവിനെ മാറ്റുന്നത്. ചൈനീസ് ഏകാധിപത്യത്തിലും റഷ്യന്‍ പ്രഭുക്കന്മാരുടെ മാതൃകയിലും പ്രധാനമന്ത്രി മോദി ആകൃഷ്ടനായതിനാലാണ് ഈ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.