ന്യൂഡൽഹി: സിവിൽ സർവിസിൽ താൽപര്യമുള്ള വിഭാഗങ്ങൾ തിരഞ്ഞെടുക്കുന്ന വേളയിൽ ഭിന്നശേഷിക്കാർക്കും തൽക്കാലം ഐ.പി.എസ്, ഡി.എ.എൻ.ഐ.പി.എസ്, ഐ.ആർ.പി.എഫ്.എസ് സർവിസുകളിലേക്ക് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീംകോടതി.
ഏപ്രിൽ ഒന്നിനകം ഇതിനായി യു.പി.എസ്.സിക്ക് അപേക്ഷ നൽകണം. 2021 ആഗസ്റ്റ് 18ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവിൽ മേൽ സർവിസുകളിലെ എല്ലാ തസ്തികകളിലേക്കും ഭിന്നശേഷി സംവരണം മാറ്റിയിരുന്നു. ഇത് ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ വാദംകേട്ടാണ് കോടതി ഉത്തരവായത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനോട് ആവശ്യപ്പെട്ടു.
നിലവിൽ പരീക്ഷകഴിഞ്ഞെന്നും ചില ഭിന്നശേഷിക്കാർ യോഗ്യത നേടിയിട്ടുണ്ടെന്നും പരാതിക്കാരായ 'ഭിന്നശേഷിക്കാരുടെ അവകാശത്തിനായുള്ള ദേശീയ കൂട്ടായ്മ'ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അരവിന്ദ് ദതർ പറഞ്ഞു. മാർച്ച് 24നകം ഇവർക്ക് സർവിസ് സംബന്ധിച്ച മുൻഗണന അറിയിക്കേണ്ടതുണ്ടായിരുന്നു. ഇത് നീട്ടണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് ഏപ്രിൽ ഒന്ന് വൈകീട്ട് നാലുവരെ കടലാസിലുള്ള അപേക്ഷകൾ യു.പി.എസ്.സി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.