ന്യൂഡൽഹി: ചാർധാം പ്രൊജക്ടിന്റെ ഭാഗമായുള്ള റോഡുകളുടെ വികസനം നടത്താൻ കേന്ദ്രസർക്കാറിന് അനുമതി നൽകി സുപ്രീംകോടതി. റോഡ് വികസനം തന്ത്രപ്രധാനമായ ആവശ്യമാണെന്ന കേന്ദ്രസർക്കാർ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. അതിർത്തിയിലെ സുരക്ഷ കണക്കിലെടുക്കണമെന്നും സൈന്യത്തിന് സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനായി റോഡ് വികസനം നടത്താമെന്നാണ് സുപ്രീംകോടതി നിലപാട്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഹരജിക്കാരന്‍റെ പരിസ്ഥിതിയെ സംബന്ധിച്ച ആശങ്കകളും കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ഇതിനായി പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ വിരമിച്ച ജഡ്ജി അധ്യക്ഷനായ ഒരു കമ്മിറ്റിയെ സുപ്രീംകോടതി നിയമിച്ചു. ഈ കമ്മിറ്റി ഓരോ നാല് മാസത്തിലും റോഡ് നിർമ്മാണത്തിലെ പുരോഗതി കോടതിയെ അറിയിക്കണം.
പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയാണ് ചാർധാമിന്‍റെ ഭാഗമായ 899 കിലോ മീറ്റർ ഹൈവേ കടന്നു പോകുന്നത്. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരിനാഥ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് റോഡ്. എന്നാൽ, ഹിമാലയൻ മലനിരകളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചലും വ്യാപകമാണ്. റോഡ് വികസനം കൂടി നടപ്പിലാക്കിയാൽ ഇതിന്‍റെ തോത് ഉയരുമെന്നാണ് ആശങ്ക. തുടർന്ന് ഗ്രീൻ ഡൂൺ എന്ന സംഘടന ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.