‘ജാമ്യം സ്റ്റേ ചെയ്ത നടപടി അസാധാരണം’; കെജ്രിവാൾ ഹൈകോടതി വിധിക്ക് കാത്തിരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈകോടതി സ്റ്റേ ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ഹൈകോടതി വിധി വരുന്നതുവരെ കെജ്രിവാൾ കാത്തിരിക്കണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരാണമാണെന്ന് കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈകോടതി സ്വീകരിക്കുന്നതെങ്കിൽ, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. കെജ്രിവാളിനായി അഭിഭാഷകരായ അഭിഷേക് മനു സിങ്വി, വിക്രം ചൗധരി എന്നിവരും ഇ.ഡിക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ഹാജരായി. വിചാരണ കോടതിയുടെ ഉത്തരവിന്‍റെ പകർപ്പ് ലഭിക്കും മുൻപ് ഹൈകോടതി വിധി സ്റ്റേ ചെയ്തെന്നും, വിധിപ്പകർപ്പ് കാണാതെ സ്റ്റേ ചെയ്തത് ശരിയായ നടപടിയല്ലെന്നും സിങ്വി പറഞ്ഞു. ഇതിനു മറുപടിയായി ഹൈകോടതി ചെയ്ത തെറ്റ് തങ്ങൾ ആവർത്തിക്കണോ എന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു.

ഇരുകക്ഷികളും ഹൈകോടതി ഉത്തരവ് വരുംവരെ കാത്തിരിക്കണമെന്നും, ഒരു ദിവസം കൂടി വൈകുന്നതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. നേരത്തെ വിചാരണ കോടതി നൽകിയ ജാമ്യത്തിനെതിരെ ഇ.ഡി ഹരജി നൽകിയതോടെയാണ് ഹൈകോടതി ഉത്തവ് സ്റ്റേ ചെയ്തത്. ജാമ്യം നൽകുന്ന കാര്യത്തിൽ ചൊവ്വാഴ്ച വിധി പ്രസ്താവിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കെജ്രിവാളിന്‍റെ അഭിഭാഷകർ ഉത്തവ് സ്റ്റേ ചെയ്ത നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിലെത്തിയത്.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. മേയ് 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാൾ ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങി.

Tags:    
News Summary - Arvind Kejriwal bail: Supreme Court calls Delhi high court's interim stay 'unusual'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.