ന്യൂഡൽഹി: തങ്ങൾ ശിപാർശ ചെയ്യുന്നവരിൽ ചിലരെ തെരഞ്ഞെടുത്ത് ജഡ്ജിമാരാക്കുകയും മറ്റു ചിലരെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാറിനെ സുപ്രീംകോടതി കൊളീജിയം അതിരൂക്ഷമായി വിമർശിച്ചു. കേന്ദ്ര നടപടി അങ്ങേയറ്റം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, മുതിർന്ന സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയം ഓർമിപ്പിച്ചു. ആർ. ശക്തിവേൽ, പി. ധനബൽ, ചിന്നസ്വാമി കുമ്പറപ്പൻ, കെ. രാജശേഖരൻ എന്നിവരെ മദ്രാസ് ഹൈകോടതി ജഡ്ജിമാരാക്കാനുള്ള പുതിയ ശിപാർശയിലാണ് കൊളീജിയത്തിന്റെ വിമർശനം.
വിദ്വേഷ പ്രചാരണത്തിലൂടെ വിവാദത്തിലായ ബി.ജെ.പി മഹിള മോർച്ച നേതാവ് വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കിയ മദ്രാസ് ഹൈകോടതിയിൽ അവർക്ക് മുമ്പെ ജഡ്ജിയാക്കാൻ കൊളീജിയം ശിപാർശ ചെയ്ത ജോൺ സത്യത്തെ നിയമിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് ഒരു ഇടവേളക്ക് ശേഷം കൊളീജിയം കേന്ദ്ര സർക്കാറിനെതിരെ വീണ്ടും വിമർശനവുമായി വന്നത്. ജനുവരി 17ന് ശിപാർശ ആവർത്തിച്ചിട്ടും ജോൺ സത്യം എന്ന ഹൈകോടതി അഭിഭാഷകനെ മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി നിയമിക്കാൻ കേന്ദ്രം തയാറായില്ലെന്ന് കൊളീജിയം ചൊവ്വാഴ്ചത്തെ പ്രമേയത്തിൽ വിമർശിച്ചു. ജോൺ സത്യത്തിന്റെ ശിപാർശ ആവർത്തിച്ചപ്പോൾ അദ്ദേഹത്തെ ആദ്യം നിയമിച്ച ശേഷമേ അതേ പ്രമേയത്തിലുള്ള മറ്റുള്ളവരെ നിയമിക്കാവൂ എന്ന് പ്രത്യേകം നിർദേശിച്ചതാണ്. എന്നാൽ, ഇത് അവഗണിച്ച് അതിന് ശേഷമുള്ള വിക്ടോറിയ ഗൗരി അടക്കമുള്ളവരുടെ നിയമനം കേന്ദ്രം നടത്തി. പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം പങ്കുവെച്ചുവെന്ന കാരണം പറഞ്ഞായിരുന്നു ജോൺ സത്യത്തെ ജഡ്ജിയാക്കാനുള്ള ആദ്യ ശിപാർശ കേന്ദ്ര സർക്കാർ എതിർത്തത്. എന്നാൽ, കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി ജോൺ സത്യം ജഡ്ജിയാകാൻ ഏറ്റവും അനുയോജ്യനാണെന്ന് വ്യക്തമാക്കി കൊളീജിയം ശിപാർശ ആവർത്തിച്ചു. എന്നിട്ടും നിയമനത്തിന് കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പുതുതായി നാലു പേരെ ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ ചെയ്ത് കൊളീജിയം തയാറാക്കിയ പുതിയ പ്രമേയത്തിൽ ആദ്യത്തെ ശിപാർശകൾ നടപ്പാക്കാത്തതുകൂടി പരാമർശിച്ചത്.
നേരത്തെ ശിപാർശ ചെയ്തവരെ നിയമിക്കാതെ അതിന് ശേഷമുള്ള ശിപാർശകളിൽ നിയമനം നടത്തുമ്പോൾ ജഡ്ജിമാരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്ന് കൊളീജിയം വ്യക്തമാക്കി. ശേഷം വന്നവർ ആദ്യം ശിപാർശ ചെയ്യപ്പെട്ടവരേക്കാൾ മുന്നെ കടന്നുപോകും.
മദ്രാസ് ഹൈകോടതിയിൽ അഭിഭാഷകനായ രാമസ്വാമി നീലകണ്ഠനെ ഹൈകോടതി ജഡ്ജിയാക്കാൻ ഈ വർഷം ജനുവരി 17ന് ശിപാർശ ചെയ്തതും കൊളീജിയം ചൂണ്ടിക്കാട്ടി. പ്രായത്തിൽ പഴയ ശിപാർശയിലെ രാമസ്വാമിയേക്കാൾ താഴെയാണ് പുതിയ ശിപാർശയിലെ രാജശേഖർ. ജനുവരി 31ന് രാമസ്വാമിക്ക് 48 വയസ്സും ഏഴു മാസവും പൂർത്തിയായപ്പോൾ കെ. രാജശേഖറിന് 47 വയസ്സും ഒമ്പത് മാസവുമാണ് പ്രായം. അതിനാൽ കെ. രാജശേഖറിനെ നിയമിക്കുന്നതിനു മുമ്പ് രാമസ്വാമിയെ നിയമിക്കണമെന്ന് കൊളീജിയം ശിപാർശ ചെയ്തു. ഇത്തരത്തിൽ സീനിയോറിറ്റി നഷ്ടപ്പെടുത്തുന്നത് അനീതിയാണെന്നും കോടതിയുടെ കീഴ്വഴക്കത്തിനെതിരാണെന്നും കൊളീജിയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.