ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിലും സമീപ പ്രദേശങ്ങളിലും ഭൂമി തകർച്ചമൂലമുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ സുപ്രീംകോടതി അടിയന്തര വാദം കേൾക്കില്ല. കേസ് ജനുവരി 16ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. സിംഹയും അംഗങ്ങളായ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പരമോന്നത കോടതിയുടെ പരിഗണനയിൽ വരണമെന്നില്ല. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജോഷിമഠ് അടക്കമുള്ള സ്ഥലങ്ങളിലെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി മത പുരോഹിതനായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
തിങ്കളാഴ്ച ജോഷിമഠിലെ 68 വീടുകളിൽ കൂടി വിള്ളൽ കണ്ടെത്തി. ഇതോടെ വിള്ളലും തകർച്ചയും ബാധിച്ച വീടുകളുടെ എണ്ണം 678 ആയി. 27 കുടുംബങ്ങളെ കൂടി തിങ്കളാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഏകദേശം നാലായിരം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാർപ്പിച്ചതായാണ് റിപ്പോർട്ട്.
അപകടാവസ്ഥയിലായ 200ഓളം വീടുകൾക്കുചുറ്റും ജില്ല ഭരണകൂടം ചുവപ്പ് അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വീടുകളിലുള്ളവരോടൊക്കെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ വാടക വീടുകളിലേക്കോ മാറാൻ ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ മാറുന്നവർക്ക് അടുത്ത ആറു മാസത്തേക്ക് 4000 രൂപ വീതം സംസ്ഥാന സർക്കാർ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.