ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭഛിദ്ര ആവശ്യത്തിൽ വിധി പറയുന്നത് നീട്ടിവെച്ച ഗുജറാത്ത് ഹൈകോടതി നടപടിയിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. 26 ആഴ്ചയായ ഗർഭം അലസിപ്പിക്കുന്നതിന് മെഡിക്കൽ ബോർഡ് അനുകൂലമായി റിപ്പോർട്ട് നൽകിയിട്ടും കോടതി ഉത്തരവിട്ടിരുന്നില്ല. വിലയേറിയ സമയമാണ് പാഴാകുന്നതെന്നും ഇത്തരമൊരു കാര്യം എങ്ങനെയാണ് നീട്ടിവെക്കുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
ഗർഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിനാണ് പെൺകുട്ടി ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചത്. ആഗസ്റ്റ് എട്ടിന് ഹരജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡിന്‍റെ പരിഗണനക്ക് വിട്ടു. ആഗസ്റ്റ് 10ന് മെഡിക്കൽ ബോർഡ് കോടതിക്ക് അനുകൂല റിപ്പോർട്ട് നൽകി. 11ന് റിപ്പോർട്ട് പരിഗണിച്ച കോടതി കേസ് ആഗസ്റ്റ് 23ലേക്ക് മാറ്റുകയായിരുന്നു.
തുടർന്നാണ് പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിലാണ് കോടതി കേസ് പരിഗണിച്ചത്.
മെഡിക്കൽ ബോർഡ് അനുകൂല റിപ്പോർട്ട് നൽകിയിട്ടും പെൺകുട്ടിയുടെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നത് മാറ്റിവെച്ച ഹൈകോടതിയുടെ നടപടിയിൽ ആശ്ചര്യവും അതൃപ്തിയും പ്രകടിപ്പിച്ച സുപ്രീംകോടതി എന്തിനാണ് കേസ് ആഗസ്റ്റ് 23ലേക്ക് മാറ്റിയതെന്ന് ചോദിച്ചു. വിലയേറിയ എത്ര ദിവസങ്ങളാണ് നഷ്ടപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടിയോട് ഇന്ന് തന്നെ ആശുപത്രിയിൽ പരിശോധനക്ക് വിധേയയാകാനും നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു. തിങ്കളാഴ്ച ഏറ്റവുമാദ്യത്തെ കേസായി ഈ കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.